ന്യൂഡൽഹി: രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കാൻ നോക്കേണ്ടെന്ന സുപ്രീംകോടതിയുടെ താക്കീത് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമേറ്റ കനത്ത പ്രഹരമായി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ അക്രമ സംഭവങ്ങളുമായി തുലനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കുള്ള മറുപടി കൂടിയായി സുപ്രീംകോടതിയുടേത്.
മണിപ്പൂർ കലാപം പരിഗണിക്കുന്നതിനിടെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും രാജസ്ഥാനിലും ചത്തിസ്ഗഢിലും നടക്കുന്ന അക്രമങ്ങളിലും സമാന അന്വേഷണം വേണമെന്ന ആവശ്യവുമായി വന്ന അഭിഭാഷകയെ കുടഞ്ഞായിരുന്നു സുപ്രീംകോടതിയുടെ താക്കീത്.
ഇന്ത്യയുടെ എല്ലാ പെൺമക്കളും സംരക്ഷണം തേടുന്നുണ്ടെന്ന ആമുഖത്തോടെയാണ് ബി.ജെ.പിയുടെ സമീകരണ വാദം അന്തരിച്ച മുൻ കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജിന്റെ മകൾ അഡ്വ. ബൻസൂരി സ്വരാജ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്.
മണിപ്പൂരിലേതിന് സമാനമായ അതിക്രമങ്ങൾ ബംഗാളിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും കേരളത്തിലും നടന്നിട്ടുണ്ടെന്നും മണിപ്പൂരിലെ പെൺമക്കളെ മാത്രമല്ല, ഇന്ത്യയുടെ എല്ലാ പെൺമക്കളെയും സംരക്ഷിക്കണമെന്നുമായിരുന്നു അഡ്വ. സ്വരാജിന്റെ വാദം.
മണിപ്പൂരിലെ ഈ ഭയാനകമായ കുറ്റകൃത്യത്തിന് ശേഷം ബംഗാളിൽ മറ്റൊരു സംഭവമുണ്ടായെന്ന് ബൻസൂരി സ്വരാജ് പറഞ്ഞതും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തടയിട്ടു. ഇപ്പോൾ കേൾക്കുന്നത് മണിപ്പൂർ വിഷയമാണെന്നും നിങ്ങളുടെ വിഷയം പിന്നീട് കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ, പിന്മാറാൻ തയാറാകാതെ തന്റെ വാദവുമായി മുന്നോട്ടുപോയ ബൻസൂരി കഴിഞ്ഞ മേയ് മാസം ഹൗറയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാർഥിയെ 50ഓളം പേർ ആക്രമിച്ച് നഗ്നയാക്കി നടത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരു വനിതാ സ്ഥാനാർഥിയെയും ഇതുപോലെ നഗ്നയാക്കി നടത്തിച്ചെന്നും ബോധിപ്പിച്ചു. 5995 എഫ്.ഐ.ആറുകൾ മണിപ്പൂരിൽ രജിസ്റ്റർ ചെയ്തുവെന്നാണ് ഇന്ദിര ജയ്സിങ്ങ് പറഞ്ഞതെന്നും എന്നാൽ, പശ്ചിമ ബംഗാളിലെ അക്രമങ്ങളിൽ 9304 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബൻസൂരി വാദിച്ചു. മണിപ്പൂരിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന നടപടി എന്താണോ സ്ത്രീകൾക്കെതിരായ മറ്റു അതിക്രമ സംഭവങ്ങളിലും അത് ബാധകമാക്കണമെന്നുകൂടി ആവശ്യപ്പെട്ടതോടെയാണ് സുപ്രീംകോടതി നാവടപ്പിക്കുന്ന ഭാഷയിൽ മറുപടി നൽകിയത്. ഒന്നുകിൽ ഇന്ത്യയുടെ എല്ലാ പെൺമക്കളെയും രക്ഷപ്പെടുത്തണം, അല്ലെങ്കിൽ ആരെയും രക്ഷപ്പെടുത്തേണ്ട എന്നാണോ നിങ്ങളീ പറയുന്നതെന്നും ചോദിച്ച് ചീഫ് ജസ്റ്റിസ് അഭിഭാഷകയെ നിശ്ശബ്ദയാക്കി. മണിപ്പൂരിനെ കുറിച്ച് എന്തു നിർദേശമാണ് വെക്കാനുള്ളതെന്നും അന്വേഷണത്തിന് മാർഗനിർദേശങ്ങളുണ്ടാക്കുന്നതിൽ എന്തു സഹായമാണ് ചെയ്യാൻ കഴിയുകയെന്നും അവരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.