ഉത്തർപ്രദേശ്: ബി.ജെ.പി നേതാവിന്റെ ജീപ്പിനടിയിൽ കുടുങ്ങിയ യുവാവിനെയും ബൈക്കിനെയും വലിച്ചിച്ചത് രണ്ടു കിലോമീറ്റർ ദൂരം. ഉത്തർ പ്രദേശിലെ സംഭാലിലാണ് നടുക്കുന്ന സംഭവം.
ബൈക്ക് യാത്രികനെ ഇടിച്ച ശേഷം ബൊലറോ ജീപ്പാണ് അടിയിൽ അകപ്പെട്ട യുവാവിനേയും ബൈക്കിനേയും റോഡിലൂടെ വലിച്ചിഴച്ചത്. ബി.ജെ.പി ഗ്രാമമുഖ്യന്റെ സ്റ്റിക്കർ പതിച്ച ബൊലേറോ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചവരാണ് വിഡിയോ പകർത്തിയത്. പിറകിലെ വാഹനത്തിലെത്തിയവർ ഹോൺ മുഴക്കിയിയെങ്കിലും ബൊലേറോയിലുള്ളവർ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു പോവുകയായിരുന്നു.
മൊറാദാബാദിലെ മൈനതർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്ഖേര ഗ്രാമവാസിയായ സുഖ്ബീർ ഞായറാഴ്ച ബസ്‍ല ഗ്രാമത്തിലെ ബന്ധു വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സദർ കോട്വാലി പ്രദേശത്തെ അസ്മോലി ബൈപാസിന് സമീപമാണ് സംഭവം. അതിവേഗത്തിൽ പോകുന്ന ബൊലേറോ റോഡിൽ തീപ്പൊരി സൃഷ്ടിച്ച് ബൈക്ക് വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അസ്മോലി ബൈപാസിൽ വസീദ്പുരത്തിന് സമീപം മൊറാദാബാദിൽ നിന്ന് അമിതവേഗത്തിലെത്തിയ ബൊലേറോ ഇയാളുടെ മോട്ടോർസൈക്കിളിൽ ഇടിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ യുവാവ് മരിച്ചതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അനുജ് തോമർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.