ഇംഫാൽ: മണിപ്പൂരിൽ എട്ടുമാസം മുമ്പ് കൊല്ലപ്പെട്ട കുക്കി വിഭാഗത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്കരിച്ചു. കങ്പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിൽ നടന്ന കൂട്ട സംസ്കാര ചടങ്ങിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കമ്മിറ്റി ഓൺ ട്രൈബൽ യൂനിറ്റി (സി.ഒ.ടി.യു) എന്ന സംഘടനയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ട മറ്റ് 87 പേരുടെ മൃതദേഹങ്ങൾ ഡിസംബർ 20ന് ചുരാചാന്ദ്പുർ ജില്ലയിൽ സംസ്കരിക്കും.
കഴിഞ്ഞ എട്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 19 പേരുടെയും മൃതദേഹങ്ങൾ. സംസ്കാര ചടങ്ങ് നടക്കുന്ന ദിവസം വിലാപ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 12 മണിക്കൂർ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വീടുകളിൽ കറുത്ത കൊടി ഉയർത്തി. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
ഇംഫാൽ താഴ്വരയിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും മോർച്ചറികളിൽ സൂക്ഷിച്ചിരുന്ന 60 മൃതദേഹങ്ങൾ വ്യാഴാഴ്ച വ്യോമമാർഗം കാങ്പോക്പി ജില്ലയിൽ എത്തിച്ചിരുന്നു. ഇതിൽ 19 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
ശേഷിക്കുന്ന 41 മൃതദേഹങ്ങൾ ചുരാചാന്ദ്പുരിലേക്ക് കൊണ്ടുപോയി. ചുരാചാന്ദ്പുരിലെ ജില്ലാ ആശുപത്രിയിലുള്ള 46 മൃതദേഹങ്ങൾക്കൊപ്പം ഇവയും 20ന് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.