ന്യൂഡൽഹി: കോവിഡിൽനിന്ന് മുക്തി നേടിയവർ മൂന്ന് മാസത്തിനുശേഷം വാക്സിനേഷൻ എടുത്താൽ മതിയെന്ന് കേന്ദ്ര സർക്കാർ. ആദ്യ ഡോസ് സ്വീകരിച്ചശേഷമാണ് കോവിഡ് വന്നതെങ്കിൽ, സുഖംപ്രാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ട് മതി രണ്ടാമത്തെ കുത്തിവെപ്പ്.
കോവിഡ് ഭേദമായവരിൽ വാക്സിൻ എടുക്കുന്നതിെൻറ കാലയളവ് സംബന്ധിച്ച് ഇതുവരെ കേന്ദ്രം വ്യക്തമായ മാനദണ്ഡം തയാറാക്കിയിരുന്നില്ല. രോഗിയുടെ നിലയനുസരിച്ച് അതാത് ഡോക്ടർമാർ രണ്ട് മുതൽ നാല് ആഴ്ച വരെ കാലയളവ് നിർദേശിക്കുകയായിരുന്നു പതിവ്.
നീതി ആയോഗ് അംഗം ഡോ. വി.കെ. പോളിെൻറ നേതൃത്വത്തിലുള്ള കോവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘമായ എൻ.ഇ.ജി.വി.സിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചത്. മുലയൂട്ടുന്ന സ്ത്രീകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനും വിദഗ്ധ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള കാലയളവ് ആറ് മുതൽ എട്ട് ആഴ്ചയിൽനിന്ന് 12 മുതൽ 16 ആഴ്ച വരെയാക്കി സർക്കാർ ഇൗയിടെ നീട്ടിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ പുതിയ നിർദേശങ്ങൾ കൊണ്ടുവരുന്നത്. കോവിഷീൽഡിെൻറ കാലയളവ് നീട്ടിയതിനെതിരെ കോൺഗ്രസിൽ നിന്നടക്കം വിമർശനങ്ങൾ വന്നിരുന്നു. രൂക്ഷമായ വാക്സിൻ ക്ഷാമത്തിെൻറ പശ്ചാത്തലത്തിലാണ് ഇടവേള നീട്ടിയതെന്നായിരുന്നു ആരോപണം.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കോവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള വിപുലീകരിച്ചത്. വാക്‌സിനുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി മാർച്ചിലാണ് സർക്കാർ 28 ദിവസം മുതൽ ആറ് ആഴ്ച വരെയാക്കിത്. ഇത്തവണയും അതേ കാരണം പറഞ്ഞാണ് ഇടവേള നീട്ടിയത്. അതേസമയം, കോവാക്സിെൻറ ഇടവേളകളിൽ മാറ്റമൊന്നും ശുപാർശ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.