ന്യൂഡൽഹി: ഭരണഘടനയുടെ 19, 21, 25 അനുഛേദങ്ങൾ ഒരുമിച്ച് വ്യാഖ്യാനിച്ചാണ് സ്വവർഗ പങ്കാളികളുടെ ഒരുമിച്ചുള്ള ജീവിതത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചത്.
19(1)എ അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം, 19(1)സി പ്രകാരം കൂട്ടായ്മക്കും സംഘം ചേരാനുമുള്ള അവകാശം, 19(1)ഡി പ്രകാരം രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം 19(1)ഇ പ്രകാരം രാജ്യത്തെവിടെയും താമസമാക്കാനുള്ള അവകാശം എന്നിവയെല്ലാം ചേർത്തുവായിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാ വ്യാഖ്യാനം.
എന്നാൽ, ഈ വ്യാഖ്യാനം തള്ളിയ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ സമ്മർദമോ ഇടപെടലോ ഇല്ലാതെ സ്വവർഗ പങ്കാളികൾക്ക് ഒരുമിച്ചുജീവിക്കാൻ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെങ്കിലും വിവാഹം മൗലികാവകാശമാക്കിയിട്ടില്ലെന്ന് ഖണ്ഡിച്ചു.
വിവാഹത്തിന് സാർവലൗകികമായ ഒരു സങ്കൽപമില്ലെന്നും നിയന്ത്രണങ്ങൾ വഴിയാണ് വിവാഹം നിയമപരമായ സാധുത നേടിയതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വവർഗ പങ്കാളികളോടൊത്തുള്ള ജീവിതം നഗരവാസികളുടെയോ ഉപരിവർഗത്തിന്റെയോ മാത്രമാണെന്ന ധാരണ മാറിയെന്നും ഗ്രാമങ്ങളിലും സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്കുമിടയിലുമുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവർഗ പങ്കാളിത്ത ജീവിതം നയിക്കുന്നവരോട് വിവേചനമരുതെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും സ്വവർഗ പങ്കാളിത്ത ജീവിതം നയിക്കുന്നവരുടെ ആനുകൂല്യങ്ങൾ തടയരുതെന്നും അഞ്ച് ജഡ്ജിമാരും ഏകസ്വരത്തിൽ ആവശ്യപ്പെട്ടു.
പുരുഷ സ്വവർഗ പങ്കാളികളായി കഴിഞ്ഞ 10 വർഷമായി ഹൈദരാബാദിൽ കഴിയുന്ന സുപ്രിയോ ചക്രവർത്തിയും അഭയ് ഡാംഗും ആണ് സ്വവർഗ വിവാഹത്തിന് അനുമതി തേടി സുപ്രീംകോടതിയെ ആദ്യം സമീപിച്ചത്. പിന്നീട് മറ്റു ഹരജിക്കാരും കേസിൽ കക്ഷി ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.