ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി തള്ളിക്കളയാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ പഠനസമിതിക്ക് കത്ത് നൽകിയതിനിടയിൽ, വിപുല സന്നാഹങ്ങളും അഞ്ചു ഭരണഘടനാ വകുപ്പുകളുടെ ഭേദഗതിയും പദ്ധതി നടപ്പാക്കാൻ ആവശ്യമാണെന്ന് നിയമമന്ത്രാലയത്തെ അറിയിച്ച് തെരഞ്ഞെടുപ്പു കമീഷൻ.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്താൻ അഞ്ചു ഭരണഘടന വകുപ്പുകൾ ഭേദഗതി ചെയ്യണം. ലോക്സഭ, രാജ്യസഭ എന്നിവയുടെ കാലാവധി സംബന്ധിച്ച 83ാം വകുപ്പ്, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട 85ാം വകുപ്പ്, നിയമസഭകളുടെ കാലാവധി നിഷ്കർഷിക്കുന്ന 172ാം വകുപ്പ്, നിയമസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട 174ാം വകുപ്പ്, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള 356ാം വകുപ്പ് എന്നിവ തിരുത്തണം. കൂറുമാറ്റം മുൻനിർത്തിയുള്ള അയോഗ്യതയുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ 10ാം പട്ടിക ഭേദഗതി ചെയ്യണം.
പദ്ധതി നടപ്പാക്കിയാൽ 15 വർഷം കൂടുമ്പോൾ പുതിയ വോട്ടുയന്ത്രം വാങ്ങാൻ 10,000 കോടി രൂപ വീതം ചെലവിടേണ്ടിവരും. വോട്ടുയന്ത്രത്തിന്റെ പ്രവർത്തന കാലാവധി 15 വർഷമാണ്. അതനുസരിച്ച് ഒരു സെറ്റ് വോട്ടുയന്ത്രം മൂന്നു തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ. 46.75 ലക്ഷം ബാലറ്റ് യൂനിറ്റ്, 33.63 ലക്ഷം കൺട്രോൾ യൂനിറ്റ്, 36.62 ലക്ഷം വിവിപാറ്റ് എന്നിവ വോട്ടുയന്ത്രത്തിലേക്ക് വേണ്ടിവരും. ഒരു വിവിപാറ്റിന് 16,000 രൂപ, കൺട്രോൾ യൂനിറ്റിന് 9,800 രൂപ, ബാലറ്റ് യൂനിറ്റിന് 7,900 രൂപ എന്നിങ്ങനെയാണ് ചെലവ് കണക്കാക്കുന്നത്.
ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് നിയമമന്ത്രാലയം നൽകിയ ചോദ്യാവലിക്കുള്ള മറുപടിയിലാണ് കമീഷൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കൂടുതൽ പോളിങ്, സുരക്ഷ ഉദ്യോഗസ്ഥരെ ആവശ്യമായി വരും. വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കാൻ കൂടുതൽ സൗകര്യം വേണം. കൂടുതൽ വാഹനങ്ങളും വേണ്ടിവരും. 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒറ്റ തെരഞ്ഞെടുപ്പിന് ക്രമീകരണം ഒരുക്കാനാവില്ല. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യത്ത് 11.80 ലക്ഷം വോട്ടെടുപ്പു കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നും കമീഷൻ അറിയിച്ചു. ഇതിനിടെ, പാർലമെന്ററി ജനാധിപത്യമെന്ന ആശയത്തെതന്നെ പരിക്കേൽപിക്കുന്നതാണ് ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പു പദ്ധതിയെന്ന് ആം ആദ്മി പാർട്ടി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പഠനസമിതിയെ അറിയിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കും. തൂക്കുസഭ വന്നാൽ ഭരണഘടന പ്രതിസന്ധിക്കും ഇടയാക്കും.
കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാവും. കേന്ദ്രബജറ്റിന്റെ 0.01 ശതമാനം മാത്രമാണ് ഒറ്റ തെരഞ്ഞെടുപ്പു വഴി ലാഭിക്കാൻ കഴിയുന്നത്. ഇതിനുവേണ്ടി ഭരണഘടനയുടെ അന്തസ്സത്ത ചോർത്തിക്കളയരുത് -ആപ് ആവശ്യപ്പെട്ടു. പഠനസമിതിതന്നെ പാഴ്ച്ചെലവാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പു പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാട് സി.പി.എമ്മും പഠനസമിതിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.