ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ വീണ്ടും പ്രധാനമന്ത്രി മോദിയെ വിമർശിച്ചും കർഷകർക്ക് പിന്തുണ നൽകിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് തുല്യമാണ് മോദി സർക്കാറെന്നും ഒരിക്കൽ കൂടി രാജ്യം ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'രാജ്യം ഒരിക്കൽ കൂടി ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നു. അന്ന് ബ്രിട്ടീഷ് കമ്പനിയായിരുന്നുവെങ്കിൽ, ഇപ്പോൾ മോദിയും സുഹൃത്തുക്കളും ചേർന്ന കമ്പനിയാണ്. എന്നാൽ, ഈ പ്രസ്ഥാനത്തിലെ ഒാരോരുത്തരും കർഷക തൊഴിലാളി സത്യാഗ്രഹികളാണ്. അവർ തങ്ങളുടെ അവകാശം വീണ്ടെടുക്കൽ തുടരും' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഒരു മാസം പിന്നിട്ട കർഷക സമരത്തിന് തുടക്കം മുതൽ രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോർപറേറ്റുകൾക്കുമെതിരെ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. മോദി സർക്കാർ സംരക്ഷിക്കുന്നത് കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ അല്ലെന്നും സുഹൃത്തുക്കളായ കോർപറേറ്റുകളുടെ താൽപര്യമാണെന്നുമായിരുന്നു പ്രധാന വിമർശനം.
അതേസമയം കർഷകർക്ക് പിന്തുണ നൽകേണ്ട പ്രതിപക്ഷത്തെ പ്രമുഖ നേതാവായ രാഹുൽ ഇേപ്പാൾ വിദേശ സന്ദർശനം നടത്തുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.