ന്യൂഡൽഹി: കടുത്ത ചൂടിലേക്കാണ് രാജ്യം നീങ്ങുന്നത്. മേയ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളുന്ന ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഇത് വൈദ്യുതി ശൃംഖലയേയും, സമ്പദ്‌വ്യവസ്ഥയേയും ദോഷകരമായി ബാധിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും ചെയ്യും.
കിഴക്കൻ-മധ്യ മേഖലകളിൽ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാം. 2022ലായിരുന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഇത് ആഗോള ഗോതമ്പ് വിതരണത്തെ ബാധിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് രാജ്യം കടുത്ത വേനലിലേക്ക് നീങ്ങുന്നത്. ഇത് വ്യാപാരമേഖലയെയും ബാധിക്കും. ആളുകൾ എയർകണ്ടീഷണറുകളും ഫാനുകളും കൂടുതലായി ഓണാക്കുമ്പോൾ, പവർ ഗ്രിഡിൽ സമ്മർദമേറുകയും അതുവഴി വൈദ്യുതി തടസ സാധ്യത വർധിക്കുകയും ചെയ്യുന്നു.
ഇന്ത്യയേക്കാൾ കടുത്ത ചൂട് അനുഭവപ്പെടുന്ന മറ്റു രാജ്യങ്ങളുമുണ്ട്. തായ്‌ലൻഡിലും ബംഗ്ലാദേശിലും താപനില കുതിച്ചുയരുകയാണ്. ചൈനയിലെ യുനാൻ പ്രവിശ്യ വരൾച്ചയുടെ പിടിയിലാണ്. ഇന്ത്യയിൽ വരാനിരിക്കുന്ന മൺസൂൺ സീസണിൽ എൽ നിനോ വികസിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചകർ പറയുന്നു. അതിനാൽ കൂടുതൽ മൺസൂൺ മഴ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.