ന്യൂഡൽഹി: വർഗീയ കലാപത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനും എഴുതിയതിനും മാധ്യമ പ്രവർത്തകർ ഉൾെപ്പടെ 102 പേർക്കെതിരെ ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ്. 'ത്രിപുര കത്തുന്നു' എന്ന് ട്വീറ്റ് ചെയ്തതിനാണ് മാധ്യമ പ്രവർത്തകൻ ശ്യാം മീര സിങ്ങിനെതിരെ യു.എ.പി.എ ചുമത്തിയത്.
കൂടാതെ, വർഗീയ കലാപത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണ കമീഷെൻറ ഭാഗമായി ത്രിപുര സന്ദർശിച്ച ഡൽഹി ആസ്ഥാനമായുള്ള ചില അഭിഭാഷകർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അതിനെതിരെ പ്രതിഷേധിക്കുന്നതിനുമെതിരെ ഇത്തരം കരിനിയമങ്ങൾ ഉപയോഗിക്കുന്നത്് അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അടിച്ചമർത്താൻ സർക്കാറുകൾക്ക് യു.എ.പിഎ പോലുള്ള കർശന നിയമങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് വാർത്ക്കുറിപ്പിൽ വ്യക്തമാക്കി.
ഭൂരിപക്ഷ വിഭാഗം നടത്തിയ കലാപം നിയന്ത്രിക്കുന്നതിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലുമുണ്ടായ പരാജയത്തിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമമാണിതെന്നും എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ശിക്ഷിക്കുന്നതിനു പകരം കലാപത്തിെൻറ സാഹചര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠവും നീതിയുക്തവുമായ അന്വേഷണമാണ് സംസ്ഥാന സർക്കാർ നടത്തേണ്ടത്. മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന് തടയിടാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.