ന്യൂഡൽഹി: കർഷകർ ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ സധൈര്യ നേരിടുകയാണെനനും എന്നാൽ സർക്കാർ കണ്ണും കാതും അടച്ചുവച്ചിരിക്കുകയാണെന്നും അകാലി ദൾ എം.പിയും നരേന്ദ്രമോദി മന്ത്രിസഭയിലെ മുൻ മന്ത്രിയുമായിരുന്ന ഹർസിമ്രത്കീർ ബാദൽ. ലോക്സഭയിലാണ് ഹർസിമ്രത് ബാദൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചത്.
ഭരണഘടനാ ദിനത്തിൽ നിരായുധരായ കർഷകർക്ക് നേരെ ലാത്തികളും കണ്ണീറവാതകങ്ങളും വർഷിച്ചുവെന്ന് അവർ ആരോപിച്ചു.
''കർഷകർ എ.കെ.47കളല്ല വളർത്തുന്നത്. സാധ്യമായ എല്ലാ വിധത്തിലും അവരെ സർക്കാർ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകരെ താങ്ങുവില നൽകി സുരക്ഷിതമാക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോൾ 360 ഡിഗ്രി തിരിഞ്ഞിരിക്കുകയാണ്. 150ൽപരം കർഷകർ മരിച്ചിട്ടും മൻ കി ബാത്തിലോ രാഷ്ട്രപതി ഭവനിൽ നിന്നോ അവരെ കുറിച്ച് ഒരു വാക്ക് പോലുമില്ല.'' -ഹർസിമ്രത് ബാദൽ പറഞ്ഞു.
''പ്രധാനമന്ത്രി കർഷകരെ പരാന്നഭോജികൾ എന്നു വിളിച്ചു. ആരെയാണ് പ്രധാനമന്ത്രി പരാന്നഭോജികൾ എന്ന് വിളിച്ചത്? അന്നദാതാക്കളെ. ഭക്ഷണം മേശപ്പുറത്ത് എത്തിച്ച കർഷകരെ. '' നവംബർ 26ന് പ്രതിഷേധം തുടങ്ങിയതു മുതൽ ഡൽഹി അതിർത്തിയിൽ മരിച്ച കർഷകരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ പറഞ്ഞു.
''ആരെങ്കിലും സത്യം എഴുതിയാൽ അവരെ ജയിലിലിടുകയാണ്. '' -ചില മാധ്യമപ്രവർത്തകരുടെ ചിത്രം കാണിച്ചുകൊണ്ട് ഹർസിമ്രത് ബാദൽ പറഞ്ഞു.
ട്വിറ്ററിലും ഹർസിമ്രത് കൂർ ബാദൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.