പി.എഫ് പെൻഷൻ കേസിൽ അന്തിമ വാദം തുടരും

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ പി.എഫ് പെൻഷനിൽനിന്ന് 2014ലെ നിയമഭേദഗതിയോടെ ഒഴിവാക്കപ്പെട്ടവരും കേരള ഹൈകോടതി വിധിയോടെ അതിനർഹരായെന്നും ആ ഉത്തരവ് റദ്ദാക്കരുതെന്നും ഒഴിവാക്കപ്പെട്ടവരുടെ അഭിഭാഷകർ ബുധനാഴ്ച സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു.

അതേസമയം, ജീവനക്കാർവെച്ച കണക്കുകൾക്കും വാദങ്ങൾക്കും മറുപടിയായി ആയിരത്തിലേറെ പേജുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. പ്രോവിഡന്‍റ് ഫണ്ടിലുള്ള വൻ തുക ചൂണ്ടിക്കാട്ടിയ അഡ്വ. ശങ്കരനാരായണൻ, ഒഴിവാക്കപ്പെട്ടവർക്ക് കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ വാദിച്ചു.

ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും സമർപ്പിച്ച ഹരജികളിൽ ബുധനാഴ്ചയും വാദം അവസാനിച്ചില്ല. ജീവനക്കാരുടെ വാദങ്ങൾക്കുള്ള മറുവാദം എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും ടാറ്റ മോട്ടോഴ്സും അടുത്ത ദിവസം നടത്തും.

2019ലെ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി തള്ളിയ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെയും ഇ.പി.എഫ്.ഒയുടെയും അപ്പീലുകളാണ് കേന്ദ്ര സർക്കാറിന്‍റെ അഭ്യർഥന മാനിച്ച് വീണ്ടും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് കേൾക്കുന്നത്.

Tags:    
News Summary - The final argument in the PF pension case will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.