ബംഗളൂരു: ബംഗളൂരുവിൽ ഷോക്കേറ്റ് അമ്മയും മകളും മരിച്ച സംഭവത്തിൽ ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ജോലിയിൽ അശ്രദ്ധ കാട്ടിയതിനാണ് നടപടി.
വൈറ്റ്ഫീല്‍ഡില്‍ നടപ്പാതയില്‍ അശ്രദ്ധമായി കിടന്ന വൈദ്യുതി കേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് എ.കെ.ജി. കോളനി സ്വദേശിനി സൗന്ദര്യ (23), ഒമ്പതുമാസം പ്രായമുള്ള മകള്‍ സുവിക്ഷ എന്നിവർ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ കാഡുഗോഡി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഹോപ് ഫാം ജങ്ഷനിലായിരുന്നു അപകടം.
അപകടത്തെ തുടർന്ന് കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. വൈദ്യുതി വിതരണ വകുപ്പിലെ അസി. എക്സി. എൻജിനീയർ സുബ്രഹ്മണ്യ ടി, അസി. എൻജിനീയർ ചേതൻ എസ്, ജൂനിയർ എൻജിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെയാണ് ബെസ്കോം സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.
ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ലോകേഷ് ബാബു, വൈറ്റ്ഫീൽഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീരാമു എന്നിവർക്ക് മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. യുവതിയും മകളും അമ്മയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം.
നടപ്പാതയില്‍ വീണു കിടന്ന വൈദ്യുതി ലൈനില്‍ അറിയാതെ ചവിട്ടിയതോടെ ഇരുവർക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കുഞ്ഞിനെ യുവതി എടുത്തിരുന്നു. ദേഹത്തേക്ക് തീപടര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഡുഗോഡി പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവസ്ഥലത്ത് ട്രോളി ബാഗും മറ്റു വസ്തുക്കളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ ഫൈബര്‍ ഒപ്റ്റിക് കേബ്ളുകള്‍ വീണുകിടക്കുന്നുണ്ടെന്നും ഇത്തരം കേബ്ളായിരിക്കുമെന്ന് കരുതിയാകാം യുവതി വൈദ്യുതി ലൈനില്‍ ചവിട്ടിയതെന്നും പൊലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ സൗന്ദര്യയുടെ ഭര്‍ത്താവ് നെയ്വേലിയില് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. മൂന്ന് ബെസ്കോം ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി വൈറ്റ്ഫീല്‍ഡ് ഡി.സി.പി. ഡോ. ശിവകുമാര്‍ ഗുണരെ പറഞ്ഞു. ബെസ്കോം ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.