സിൽക്യാര (ഉത്തരകാശി): സിൽക്യാര തുരങ്ക രക്ഷാദൗത്യത്തിന്റെ പുതിയ വിവരങ്ങൾ പങ്കുവെക്കാൻ ഞായറാഴ്ച വൈകീട്ട് മാധ്യമപ്രവർത്തകരെ വിളിച്ച ദേശീയപാത പശ്ചാത്തല വികസന കോർപറേഷൻ (എൻ.എച്ച്.ഐ.ഡി.സി) മേധാവി, തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായി തങ്ങൾ ഏറ്റവുമൊടുവിൽ ചെയ്ത സേവനമായി പ്രത്യേകം എടുത്തുപറഞ്ഞത് തുരങ്കത്തിലേക്കായി ബി.എസ്.എൻ.എൽ സ്ഥാപിച്ച ലാൻഡ് ഫോണിനെക്കുറിച്ചാണ്. ശനിയാഴ്ച മുതൽ ഫോൺ പ്രവർത്തിച്ചുതുടങ്ങിയെന്നും തൊഴിലാളികൾ കുടുംബാംഗങ്ങളുമായി ഇതിലൂടെ സംസാരിച്ചുതുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഏതാനും മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടുചെയ്തു തുടങ്ങിയിരുന്നു.
തുരങ്കമുഖത്തെ കെട്ടിടങ്ങളിലൊന്നിനു മുകളിൽ ബി.എസ്.എൻ.എൽ സ്ഥാപിച്ച കൊച്ചുടവറിനുതാഴെ ചെന്നുനോക്കുമ്പോൾ രണ്ടു ഫോണുകൾ ഒരു പെട്ടിക്കു പുറത്ത് വെച്ചിട്ടുണ്ട്. എന്നാൽ, ലാൻഡ് ഫോൺ പ്രവർത്തിച്ചുതുടങ്ങുകയോ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ബന്ധുക്കളുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ഉത്തരകാശിക്കാരനായ ജീവനക്കാരൻ രമേശ് ചന്ദ് ഫോണുകൾക്ക് കാവൽ നിൽപുണ്ട്. എത്ര പേർ ഇതിനകം തൊഴിലാളികളോട് സംസാരിച്ചുവെന്നു ചോദിച്ചപ്പോൾ ഇതുവരെ ഫോൺ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി..
കുഴൽപാത ഒരുക്കാൻ ഇരുമ്പുകുഴൽ കയറ്റിയിരുന്ന ഡ്രില്ലിങ് യന്ത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നും ബ്ലേഡിന്റെ ചുളിവ് നിവർത്തി പ്രവർത്തനം പഴയപടി തുടരാവുന്ന നിലയിലാണെന്നുമായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി ഇതേ മേധാവി പറഞ്ഞത്. ഇനി പ്രവർത്തിച്ചുതുടങ്ങിയാൽ അടുത്ത 5.4 മീറ്റർ ദൂരത്തിൽ ലോഹതടസ്സങ്ങളില്ലെന്ന് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗിച്ച് പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു. എന്നാൽ, ഇത് രണ്ടും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകാൻ ഒരു മണിക്കൂർപോലും വേണ്ടിവന്നില്ല. ഒരു കേടും പറ്റിയില്ലെന്ന് പറഞ്ഞ ഡ്രില്ലിങ് യന്ത്രം കേടായി. ചുളിവ് നിവർത്തിയ ബ്ലേഡ് മുന്നിലെ ലോഹവസ്തുക്കളിൽ കുരുങ്ങി രക്ഷാദൗത്യംതന്നെ സ്തംഭിച്ചു. മാത്രമല്ല, ഇനി 5.4 മീറ്ററിലാണ് രക്ഷാദൗത്യത്തിലെ ഏറ്റവും കടുത്ത ലോഹതടസ്സങ്ങളുള്ളതെന്ന് എൻജിനീയർമാർ വ്യക്തമാക്കുകയും ചെയ്തു.
തുരങ്കത്തിൽനിന്ന് 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതും കാത്ത് രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന അന്തർദേശീയ, ദേശീയ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ അധികൃതർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാത്തത് ഇത്തരം അനുഭവങ്ങൾകൊണ്ടാണ്. കൺമുന്നിൽ കണ്ടുബോധിച്ചതും തുരങ്കത്തിൽപോയി വരുന്ന എൻജിനീയർമാരും തൊഴിലാളികളും നേരിൽ പറയുന്നതല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഇതുകൊണ്ടാണ് ശനിയാഴ്ച തുരങ്കത്തിലേക്ക് ഭക്ഷണത്തിനു പുറമെ ചില മരുന്നുകളും ബാൻഡേജുകളും കൊടുത്തുവിട്ടതു കണ്ടപ്പോൾ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. ആർക്കും പരിക്കേറ്റതല്ലെന്നും മുൻകരുതൽ എന്ന നിലക്ക് മരുന്ന് അയച്ചതാണെന്നുമായിരുന്നു മേധാവിയുടെ മറുപടി.
മാധ്യമപ്രവർത്തകരേക്കാൾ തൊഴിലാളികൾക്കാണ് അധികൃതരിൽ ആദ്യം വിശ്വാസക്കുറവുണ്ടായത്. ഇതേ തുടർന്ന് തൊഴിലാളികളുടെ വൻ പ്രതിഷേധപ്രകടനത്തിന് തുരങ്കമുഖം സാക്ഷ്യംവഹിച്ചു. 41 സഹപ്രവർത്തകർ ഒരാഴ്ചയോളം 60 മീറ്ററിനപ്പുറത്ത് തുരങ്കത്തിൽ കഴിയുമ്പോഴും രക്ഷാദൗത്യം ഒച്ചുവേഗത്തിൽ നീങ്ങിയപ്പോഴായിരുന്നു അത്. അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് 18ന് രാവിലെ 11 മണിയോടെ തൊഴിലാളികൾ ഒന്നടങ്കം സംഘടിച്ച് പ്രതിഷേധവുമായി തുരങ്കമുഖത്തേക്കു നീങ്ങി.
തൊഴിലാളികളുടെ പ്രതിഷേധം തടയാൻ ഉത്തരാഖണ്ഡ് പൊലീസിന് പാടുപെടേണ്ടിവന്നു. ഒടുവിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് ഉറപ്പുകിട്ടിയ ശേഷമാണ് അവർ പിരിഞ്ഞുപോയത്. ആ സംഭവത്തിനുശേഷം പ്രതിഷേധത്തിന്റെ ചെറുശബ്ദംപോലും പുറത്തുവരാതിരിക്കാൻ അധികൃതർ ബദ്ധശ്രദ്ധയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.