ന്യൂ ഡൽഹി: ചർച്ചക്കായി കർഷകർ മുന്നോട്ടുവെച്ച നാല് ഉപാധികളിൽ അവസാനത്തെ രണ്ടെണ്ണം അംഗീകരിച്ച കേന്ദ്ര സർക്കാർ രണ്ട് പ്രധാന ഉപാധികളിൽ സമവായത്തിലെത്തിയില്ല. സമരം തുടങ്ങാൻ കാരണമായ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലും ചുരുങ്ങിയ താങ്ങുവിലക്ക് നിയമ പരിരക്ഷ നൽകുന്നതിലും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ല. അതേസമയം, ചർച്ച ജനുവരി നാലിന് തുടരാൻ സർക്കാറും കർഷകരും ധാരണയായി. പുരോഗതിയുണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്രസിങ് തോമറും സമരവുമായി മുന്നോട്ടുപോകുകയാണെന്ന് കർഷക യൂനിയൻ നേതാക്കളും ചർച്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
സൗഹാർദപൂർണമായ അന്തരീക്ഷത്തിലായിരുന്നു ചർച്ചയെന്ന് തോമർ പറഞ്ഞു. വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാക്കുന്ന പരിസ്ഥിതി ഒാർഡിനൻസിൽ ഇരുകുട്ടരും ധാരണയിലെത്തി. ക്രിമിനൽ നടപടിയും വൻപിഴയും ഒഴിവാക്കും. കേന്ദ്ര ൈവദ്യുതി നിയമത്തിലാണ് പിന്നീട് ധാരണയായത്. വൈദ്യുതി ബോർഡ് പരിഷ്കരണം വന്നാൽ കർഷകർക്ക് പ്രയാസമാകുമെന്നും ജലസേചനത്തിന് ചെലവേറുമെന്നുമുള്ള ആശങ്കയുള്ളതിനാൽ നിലവിലെ രീതി തുടരും.
അതേസമയം, വിവാദ നിയമങ്ങളിലെ ഭിന്നത പരിഹരിക്കാൻ സർക്കാർ കമ്മിറ്റിയുണ്ടാക്കാനുള്ള നിർദേശം കർഷകർ തള്ളി. അതടക്കം പല നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നുവെങ്കിലും സമവായമുണ്ടായില്ലെന്ന് കൃഷി മന്ത്രി പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര ഉൗർജ മന്ത്രി പീയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവരും കർഷകരെ പ്രതിനിധാനംചെയ്ത് 40 കർഷക യൂനിയനുകളുടെ നേതാക്കളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.