ന്യൂഡൽഹി: മുൻമന്ത്രി മായാ കോട്നാനി അടക്കം 67 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട നരോദഗാം കേസിനു പുറമെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട മറ്റ് ഏഴു കേസുകൾ കൂടി സുപ്രീംകോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിച്ചിരുന്നു. അവയുടെ കഥ ഇങ്ങനെ:
1. ഗുൽബർഗ സൊസൈറ്റി കേസ്: കോൺഗ്രസ് മുൻഎം.പി ഇഹ്സാൻ ജാഫരി അടക്കം 69 പേരാണ് അഹ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ടത്. 24 പേരെ വിചാരണ കോടതി ശിക്ഷിച്ചു. ഇതിൽ 11 പേർക്ക് ജീവപര്യന്തം. വിധിക്കെതിരായ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിൽ.
2. നരോദ പാട്യ കേസ്: കൊല്ലപ്പെട്ടത് 96 പേർ. മുൻമന്ത്രി മായാ കോട്നാനി, ബജ്റംഗ്ദൾ മുൻനേതാവ് ബാബു ബജ്റംഗി എന്നിവർ അടക്കം 32 പേർക്ക് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചത്. ബജ്റംഗി അടക്കം 16 പേരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. കോട്നാനിയെ വെറുതെ വിട്ടു.
3. സർദാർപുര കേസ്: മെഹ്സാനയിലെ സർദാർപുരയിൽ 13 പേരാണ് കൊല്ലപ്പെട്ടത്. 2011ൽ 31 പേരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 17 പേരുടെ ശിക്ഷ ശരിവെച്ചപ്പോൾ, 14 പേരെ ഹൈകോടതി വിട്ടു.
4. ഓഡെ കേസ്: ആനന്ദ് ജില്ലയിലെ ഓഡെയിൽ കൊല്ലപ്പെട്ടത് 23 പേർ. 23 പേരെ ശിക്ഷിച്ചതിൽ 14 പേർക്ക് ജീവപര്യന്തം. ഇവരുടെ ജീവപര്യന്തം തടവ് അടക്കം 19 പേരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു.
5. പാണ്ടർവാഡ കേസ്: പഞ്ചമഹൽസ് ജില്ലയിലെ പാണ്ടർവാഡയിൽ കൊല്ലപ്പെട്ട 39 പേരിൽ 20 മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞതു തന്നെയില്ല. പൊലീസ് അറസ്റ്റ് ചെയ്ത 21 പേരെ വിചാരണ കോടതി വിട്ടയച്ചു. പിന്നീട് പിടിയിലായ 14 പേർക്കെതിരായ കേസ് തുടരുന്നു.
6. പ്രാന്തിജ് കേസ്: മൂന്നു ബ്രിട്ടീഷ് പൗരന്മാരെയും ഡ്രൈവറെയും സബർകാന്തയിലെ പ്രാന്തിജിൽ വണ്ടിയിലിട്ട് ജീവനോടെ കത്തിച്ചു. ഇന്ത്യൻ വംശജരും ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവരുമായിരുന്നു അവർ. ആറു പ്രതികളെ കോടതി 2015ൽ വെറുതെ വിട്ടു.
7. ദിപ്ദ ദർവാസ കേസ്: മെഹ്സാനയിലെ ദിപ്ദ ദർവാസ പ്രദേശത്ത് കൊലപ്പെടുത്തിയത് 11 പേരെയാണ്. 21 പേർക്ക് ജീവപര്യന്തം വിധിച്ചു. മറ്റ് 61 പേരെ വെറുതെ വിട്ടതിനെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ അപ്പീൽ നൽകി. കേസ് ഹൈകോടതിയിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.