സുപ്രീംകോടതി

ജയിലുകളിലെ ഏകാന്തതടവ് സംബന്ധിച്ച നിയമങ്ങൾ റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കുറ്റവാളികളെ ജയിലിൽ ഏകാന്തതടവിൽ പാർപ്പിക്കാനുള്ള ശിക്ഷാവ്യവസ്ഥകൾ റദ്ദാക്കാൻ പാർലമെന്‍റിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്. ലീഗൽ അറ്റോണിസ് ആൻഡ് ബാരിസ്റ്റേഴ്‌സ് ലോ ഫേം ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ഒരു വ്യവസ്ഥ റദ്ദാക്കാൻ എങ്ങനെ പാർലമെന്‍റിനോട് നിർദ്ദേശിക്കാനാകും എന്ന് ബെഞ്ച് ചോദിച്ചു. തടവുകാരുടെ വിവേചനവും മൗലികാവകാശ ലംഘനവും ഒരു ഹരജിയിൽ ചോദ്യം ചെയ്യാം. എന്നാൽ നിയമങ്ങൾ റദ്ദാക്കാൻ നിയമനിർമാതാക്കളോട് നിർദ്ദേശിക്കാനാവില്ല -ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ മെച്ചപ്പെട്ട ഹരജി ഫയൽ ചെയ്യാൻ ഹരജിക്കാരനെ ബെഞ്ച് ഉപദേശിക്കുകയും ചെയ്തു.

ജയിൽ നിയമങ്ങളോ നിർദേശങ്ങളോ ലംഘിച്ചാലുള്ള ശിക്ഷാ രൂപമാണ് ഏകാന്ത തടവ്. തടവിലാക്കപ്പെട്ട വ്യക്തി മറ്റ് ആളുകളുമായി സമ്പർക്കമില്ലാതെ ഒരു സെല്ലിൽ താമസിക്കുന്നു. ഐ.പി.സി സെക്ഷൻ 73 (ഏകാന്തതടവ്), 74 (ഏകാന്ത തടവിന്‍റെ പരിധി) എന്നിവയ്‌ക്കൊപ്പം ജയിൽ നിയമത്തിന്‍റെ 29-ാം വകുപ്പും ഇത്തരം ശിക്ഷയെക്കുറിച്ച് പറയുന്നു. 2015ലെ പരിഷ്കരണത്തിനൊടുവിൽ തുടർച്ചയായി 14 ദിവസത്തിൽ കൂടുതൽ ഏകാന്തതടവിൽ വെക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Tags:    
News Summary - The Supreme Court rejected the plea seeking repeal of the laws on solitary confinement in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.