അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്ത് മതേതരത്വത്തിന്‍റെ മരണമണി മുഴക്കി -സി.പി.എം

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ രാജ്യത്ത് മതേതരത്വത്തിന്‍റെ മരണമണി മുഴക്കിയെന്ന് സി.പി.എം. അധികാരത്തിൽ നിന്നും ഭരണത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മതവിശ്വാസത്തെ മാറ്റിനിർത്തണമെന്ന തത്വമാണ് ലംഘിക്കപ്പെട്ടതെന്നും തിരുവനന്തപുരത്ത് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

അയോധ്യയിൽ നടന്ന മുഴുവൻ ചടങ്ങുകളും ഭരണകൂടം നേരിട്ട് സ്പോൺസർ ചെയ്തതാണ്. പ്രധാനമന്ത്രി, യു.പി മുഖ്യമന്ത്രി, ഗവർണർ, മറ്റ് ഭരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. ഭരണകൂടത്തിന് മതപരമായ ചായ്‍വോ മുൻഗണനയോ ഉണ്ടാകരുതെന്ന അടിസ്ഥാന തത്വത്തിന്‍റെ ലംഘനമാണ് അയോധ്യയിൽ നടന്ന ചടങ്ങ്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയിൽ നടന്നത്. ആർ.എസ്.എസും ബി.ജെ.പിയും ഇതിനായി രാജ്യവ്യാപക പ്രചാരണം നടത്തി. സ്കൂളുകൾ അടച്ചിട്ടു. കേന്ദ്ര ഓഫിസുകൾക്ക് അവധി നൽകി. പൊതുസ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്നും ക്ഷേത്രം സന്ദർശിക്കാൻ ആളുകളെ അണിനിരത്തുകയാണ് ബി.ജെ.പി. ഇത് 2024 മാർച്ച് വരെ തുടരും.

ഇപ്പോൾ കാശിയിലെയും മഥുരയിലെയും തർക്കം വീണ്ടും കോടതിയിലും ഉയർന്നുവന്നിരിക്കുകയാണ്. അയോധ്യ വിധിയിൽ മോദി നേരത്തെ സുപ്രീംകോടതിക്ക് നന്ദി പറഞ്ഞിരുന്നു.

ആളുകളുടെ വ്യക്തിസ്വാതന്ത്ര്യമാണ് മതവിശ്വാസം. അതിനെ ബഹുമാനിക്കുകയെന്നതാണ് സി.പി.എമ്മിന്‍റെ നയം. എല്ലാവർക്കും അവരവരുടെ വിശ്വാസവുമായി മുന്നോട്ടുപോകാനുള്ള അവകാശത്തിനായി പാർട്ടി ഉറച്ചുനിൽക്കും. എന്നാൽ രാഷ്ട്രീയ നേട്ടത്തിനും അധികാരം നിലനിർത്താനുമുള്ള ഉപകരണമായി മതവിശ്വാസത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങളെ എതിർക്കും -സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - The Temple inauguration at Ayodhya virtually sounded the death knell of secularism CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.