ബംഗളൂരു: കർണാടകയിലെ മണ്ഡലങ്ങളിലൂടെയുള്ള യാത്രയിലുടനീളം സാധാരണജനങ്ങൾ പങ്കുവെച്ചത് ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെയുള്ള നിലപാടുകളായിരുന്നു. ഒടുവിൽ 2019 മുതൽ നാലുവർഷംകൊണ്ട് ബി.ജെ.പി പണിത വെറുപ്പിന്റെ അങ്ങാടിയിൽ കർണാടക ജനത സ്നേഹത്തിന്റെ കട തുറന്നിരിക്കുന്നു.
പറയാൻ ഭരണനേട്ടങ്ങളില്ലാത്ത ബി.ജെ.പി ഹിന്ദുത്വതന്നെയായിരുന്നു തുടക്കം മുതൽ പ്രചാരണവിഷയമാക്കിയത്. ലവ് ജിഹാദ് പോലുള്ള വിഷയങ്ങളാണ് ജനത്തിന് കൊടുക്കേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കാട്ടീൽതന്നെയാണ് പറഞ്ഞത്. 1799 മേയ് നാലിന് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ ടിപ്പുസുൽത്താൻ ധീരരക്തസാക്ഷിയായിട്ട് 224 വർഷം പൂർത്തിയായിട്ടും 2023ലെ തെരഞ്ഞെടുപ്പിലും ടിപ്പുവിനെ പ്രചാരണത്തിന് ഉപയോഗിക്കേണ്ടി വന്ന ഗതികേടിലാണ് ബി.ജെ.പി.
ടിപ്പുവിന്റെയാളുകളും ശിവജിയുടെ ആളുകളും തമ്മിലുള്ള മത്സരം, ടിപ്പുവും ഹനുമാനും തമ്മിലുള്ള മത്സരം തുടങ്ങിയ പ്രചാരണങ്ങളിലൂടെ ഹിന്ദുത്വക്ക് അവർ കൊഴുപ്പുകൂട്ടി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതും പശുവും രാമക്ഷേത്രവും തന്നെ. മോദിയുടെയും അമിത് ഷായുടെയും റോഡ് ഷോകളിലും കേട്ടത് അതേ വിഷയങ്ങൾ. അയോധ്യ മാതൃകയിൽ ക്ഷേത്രം നിർമിച്ച് കർണാടകയിലെ രാമനഗരയെ ദക്ഷിണേന്ത്യയിലെ അയോധ്യയാക്കുമെന്നും പ്രചാരണം നടത്തി.
രാമനഗരയിലെ രാമദേവര ബെട്ടയിൽ ക്ഷേത്രം നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനവും നടത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിൽ കലാപമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും പ്രചാരണത്തിൽ ഉന്നയിച്ചു. അവസാന ദിനങ്ങളിൽ മോദി ബംഗളൂരുവിൽ നടത്തിയ വൻ റോഡ് ഷോകളിൽ ഹനുമാൻ വേഷധാരികളായിരുന്നു നിറയെ. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാകട്ടെ ഹനുമാൻ ചാലിസ പാടിയാണ് ഹിന്ദുത്വക്ക് നിശ്ശബ്ദപ്രചാരണം ഒരുക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടുചെയ്യാനായി വരി നിന്നതുപോലും ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു.
എന്നാൽ, വിദ്വേഷ രാഷ്ട്രീയമല്ല, ജനകീയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ ഉന്നയിക്കേണ്ടതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞത്. നവാൽഗുണ്ടിലെ പ്രചാരണത്തിനിടെ നാഗമ്മ എന്ന സ്ത്രീയുടെ വീട്ടിലെത്തി ചായ കുടിച്ച് അവരുടെ ദുരിതജീവിതത്തിലൂടെ വിലക്കയറ്റമടക്കമുള്ള ജനകീയ വിഷയങ്ങൾ പ്രിയങ്ക ഉന്നയിച്ചത് ഏറെ ചർച്ചയായി. പാചകവാതക വില വർധന, ഇന്ധന വിലവർധന, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം തുടങ്ങിയ വിഷയങ്ങളാണ് രാഹുലും എല്ലായിടത്തും ഉന്നയിച്ചത്.
40 ശതമാനം കമീഷൻ സർക്കാറാണ് കർണാടക ഭരിക്കുന്നതെന്ന് പറഞ്ഞ് ബി.ജെ.പിയുടെ അഴിമതി ഭരണത്തിനെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു. ഭരണവിരുദ്ധ വികാരത്തെ ഹിന്ദുത്വകൊണ്ട് മറികടക്കാമെന്ന് ആശ്വാസം കൊള്ളുന്ന സംഘ്പരിവാറിന്റെ മുഖത്തേറ്റ അടികൂടിയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.