വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി. ഭരണഘടനാപരമായ നിരവധി പിഴവുക​ൾ ബില്ലി​ലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനക്കായാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്. 

ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിർക്കുന്ന ഇൻഡ്യ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. വഖഫ് ഭേദഗതി ബിൽ ഭൂമി വിൽപനക്കുള്ള ബി.ജെ.പി അംഗങ്ങളുടെ താൽപര്യാർഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ബി.ജെ.പി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മുസ്‌ലിംകളുടെ ശത്രുവാണ് എന്നാണ് അസദുദ്ദീൻ ഉവൈസി ബില്ലിനെ വിമർശിച്ച് പറഞ്ഞത്.

ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അമുസ്‍ലിംകളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

വഖഫ് ഭേദഗതിയെ കുറിച്ച് എം.പിമാർ അറിഞ്ഞത് പാർലമെന്‍റിൽ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എം.പി കുറ്റപ്പെടുത്തി. ബില്ലുകൾ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്ഥാപനങ്ങൾ ഭരിക്കുന്നതിനുള്ള ആർട്ടിക്കിൾ 30ന്‍റെ നേരിട്ടുള്ള ലംഘനമാണിതെന്നും ഈ ബിൽ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്നും ഡി.എം.കെ എം.പി കനിമൊഴി ചൂണ്ടിക്കാട്ടി.

ബില്ലിൻ്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി. വഖഫ് കൗൺസിലും വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കലക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്‍ലിം ഐക്യം തകർക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തി. 

വഖഫ് ബോർഡിന്‍റെയും വഖഫ് കൗൺസിലിന്‍റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാൽ അത് തീർച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എൻ.ഡി.എ സഖ്യകക്ഷിയായ എൽ.ജെ.പിയും ആവശ്യപ്പെട്ടു. ബിൽ മുസ്‍ലിം വിരുദ്ധമല്ലെന്ന നിലപാടാണ് ജെ.ഡി.യു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിങ് എടുത്തത്.

അതേസമയം, ബിൽ മുസ്‌ലിം സഹോദരങ്ങൾക്ക് നീതി നൽകുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ലെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു മറുപടി നൽകി. വഖഫ്‌ കൗൺസിലിനെയും ബോർഡിനെയും ശാക്തീകരിക്കാനാണ് ബിൽ അവതരിപ്പിക്കുന്നത്. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. ബിൽ ഇതിനകം വിതരണം ചെയ്തതാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. പലയിടത്തും വഖഫ് ഭൂമി മാഫിയകളുടെ കൈയിലാണ്. കൈയേറ്റത്തിനെതിരെ 194 പരാതികൾ കഴിഞ്ഞ വർഷം മാത്രം ലഭിച്ചു. കഴിഞ്ഞ 10 വർഷമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണെന്നും ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്‌ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ബില്ലിൽ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

Tags:    
News Summary - The Waqf Bill was referred to the Joint Parliamentary Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.