ചെന്നൈ: കേരള-തമിഴ്നാട് അതിർത്തിയിലെ തേനിയിൽ നടപ്പാക്കാനിരുന്ന ന്യൂട്രിനോ കണിക പരീക്ഷണശാലക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ താൽക്കാലിക നിരോധനമേർപ്പെടുത്തി. ഇൗയിടെ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിലെ സന്നദ്ധസംഘടനയായ ‘പൂവുലകിൻ നൻപർകൾ’ ഭാരവാഹി സൗന്ദർ രാജൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയിരുന്നു. പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമെന്നും മേഖലയിലെ ജനജീവിതത്തിന് ഭീഷണിയാവുമെന്നും ഇതിൽ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ ജനങ്ങളുടെ പരാതികൾ കേൾക്കാതെയാണ് കേന്ദ്രം പാരിസ്ഥിതികാനുമതി നൽകിയതെന്നും സംഘടന പരാതിപ്പെട്ടു. ജസ്റ്റിസുമാരായ രഘുവേന്ദ്ര എസ്. റാത്തോഡ്, സത്യവാൻ എന്നിവരടങ്ങിയ ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി റദ്ദാക്കാൻ ട്രൈബ്യൂണൽ തയാറായില്ല. പദ്ധതി വന്യജീവികളെയും മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി ദേശീയ വന്യജീവി ബോർഡിെൻറ നിലപാട് അറിയിക്കാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
63 ഏക്കർ സ്ഥലത്ത് 1500 കോടി രൂപ ചെലവിൽ മലയിൽ തുരങ്കമുണ്ടാക്കിയാണ് കണിക പരീക്ഷണശാല നിർമിക്കുന്നത്. മൂന്നുവർഷം മുമ്പാണ് കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയത്.
അന്തരീക്ഷത്തിലെ ന്യൂട്രിനോ കണികകളുടെ രൂപമാറ്റവും സ്വഭാവവും പഠനവിഷയമാക്കാനാണ് തേനിക്ക് സമീപം കണികാ പരീക്ഷണത്തിന് വേദിയൊരുക്കിയത്. എന്നാൽ 2009 മുതൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളുയർത്തി പ്രദേശ വാസികൾ അടക്കം പ്രതിഷേധം ഉയർത്തിയിരുന്നു. പദ്ധതിക്ക് 2011ല്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെ തുടർന്ന് 2017ല്‍ ദേശീയ ഹരിത ട്രിബ്യൂണൽ വിവിധ കാരണങ്ങൾ പറഞ്ഞ് അനുമതി റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.