ചണ്ഡിഗഡ്: പാർട്ടിക്കകത്ത് മാസങ്ങളായി തുടർന്ന ആഭ്യന്തര കലഹങ്ങൾക്ക് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ സ്ഥാനം തെറിച്ചിരിക്കുകയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. കർഷക സമരത്തിനെതിരെ അമരീന്ദർ അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈകമാൻഡിന്‍റെ അതൃപ്തി സമ്പാദിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അമരീന്ദർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. ഇതോടെ നവ്ജോത് സിങ് സിധു ക്യാമ്പിൽ നിന്നുള്ളയാളാകും അടുത്ത മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പായി.
പഞ്ചാബ് പി.സി.സി മുൻ അധ്യക്ഷൻ സുനിൽ ജാക്കറിനാണ് മുഖ്യമന്ത്രി സ്ഥനത്തേക്ക് പ്രഥമ പരിഗണനയെന്ന് പാർട്ടി വൃത്തങ്ങൾ സൂചപ്പിച്ചു. ഹിന്ദു സിക്കുകാരൻ മുഖ്യമന്ത്രിയും ജാട്ട് സിക്കുകാരൻ പാർട്ടി അധ്യക്ഷനുമാകുന്നത് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുണക്കുമെന്നാണ് കണക്കുകൂട്ടൽ.
ജാക്കർ എം.എൽ.എ അല്ലാത്തതിനാൽ സിധു മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫതേഹ്ഗഡ് സാഹിബ് എം.എൽ.എ കുൽജിത് സിങ് നഗ്രയുടെ പേരും പരിഗണനയിലുണ്ട്. കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിനെത്തിയ പാർട്ടി നിരീക്ഷകരായ അജയ് മാക്കനെയും ഹരീഷ് ചൗധരിയെയും സ്വീകരിക്കാനായി സിധു ക്യാമ്പിൽ നിന്ന് വിമാനത്താവളത്തിലെത്തിയത് കുൽജിത്തായിരുന്നു.
മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ പ്രതാപ് സിങ് ബജ്വയുടെയും രവ്നീത് സിങ് ബിട്ടുവിന്‍റെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി കോൺഗ്രസ് നിയമസഭ കക്ഷി യോഗം പ്രമേയം പാസാക്കി. കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ രണ്ട് പ്രമേയങ്ങൾ പാസാക്കിയിരുന്നു. പഞ്ചാബ് വികസനത്തിന് അമരീന്ദർ സിങ് സർക്കാർ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായിരുന്നു ആദ്യത്തേത്. അമരീന്ദർ സിങ് ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് നിയമസഭ കക്ഷി യോഗത്തിനെത്താതിരുന്നത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിധുവിനെതിരെ അമരീന്ദർ സിങ് പോര് കനപ്പിച്ചിരുന്നു. സിധു കഴിവ്കെട്ടയാളാണെന്നും മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അമരീന്ദർ പറഞ്ഞു. സിധുവിന് പാകിസ്താനുമായി ബന്ധമുണ്ടെന്നും അത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അമരീന്ദർ പ്രതികരിച്ചിരുന്നു.
'നവ്ജോത് സിങ് സിധു ഒരു കഴിവില്ലാത്ത ആളാണ്, അവൻ ഒരു ദുരന്തമാകാൻ പോകുന്നു. അടുത്ത മുഖ്യമന്ത്രിയായി അവന്‍റെ പേര് ഉയർന്നാൽ ഞാൻ എതിർക്കും. അദ്ദേഹത്തിന് പാകിസ്താനുമായി ബന്ധമുണ്ട്. അത് രാജ്യസുരക്ഷക്ക് ഭീഷണിയാകും' -അമരീന്ദർ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടർന്നാണ് അമരീന്ദർ സിങ് ശനിയാഴ്ച രാജി വെച്ചത്. താൻ അപമാനിക്കപ്പെട്ടുവെന്നും ഹൈക്കമാൻഡിന് വിശ്വാസമുള്ള ആരെയും മുഖ്യമന്ത്രിയാക്കാമെന്നും രാജ്ഭവന് പുറത്ത് വെച്ച് അമരീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിൽ തുടരുമെന്നും അനുയായികളോട് ആലോചിച്ച ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ചേർന്ന നിയമസഭ കക്ഷി യോഗത്തിന് പിന്നാലെയാണ് രാജി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഹൈക്കമാൻഡ് അമരീന്ദറിനോട് മാറിനിൽക്കാൻ നിർദേശിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.