ഉന (ഹിമാചൽ പ്രദേശ്): ഹിമാചൽപ്രദേശിൽ ബി.ജെ.പിയുടെ ഡബിൾ എൻജിൻ അവകാശവാദത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഞ്ചുവർഷമായി ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാറാണ് ഹിമാചൽ ഭരിക്കുന്നത്, പക്ഷേ അതിൽ ഇന്ധനം നിറക്കാൻ മറന്നതായിരിക്കാം -പ്രിയങ്ക പരിഹസിച്ചു.
ഉനയിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. തങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങൾക്ക് ഇരട്ട എൻജിൻ സർക്കാറിനെ ലഭിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. പക്ഷേ, കഴിഞ്ഞ അഞ്ചു വർഷം ഡബിൾ എൻജിൻ സർക്കാർ എവിടെയായിരുന്നു- പ്രിയങ്ക പറഞ്ഞു.
ഭരണത്തുടർച്ച നൽകണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെയും പ്രിയങ്ക കടന്നാക്രമിച്ചു. ഇടക്കിടെ മരുന്ന് മാറ്റുന്നത് രോഗം ഭേദമാക്കുകയോ ആർക്കെങ്കിലും ഗുണം ചെയ്യുകയോ ഇല്ലെന്നായിരുന്നു മോദിയുടെ പരാമർശം. എന്നാൽ, ജനങ്ങളോട് അവർ രോഗികളാണെന്നും പഴയ മരുന്നുതന്നെ നിർബന്ധമായും കഴിക്കണമെന്നുമാണ് മോദി പറയുന്നതെന്നായിരുന്നു പ്രിയങ്ക തിരിച്ചടിച്ചത്. കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും വാർധക്യ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.