അഹ്മദാബാദ്: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുപോലും അവധിനൽകി ഗുജറാത്ത് കാത്തിരുന്ന സന്ദർശനത്തിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഖോഖ, ദഹേജ് പട്ടണങ്ങളെ കടൽവഴി ബന്ധിപ്പിച്ച് 650 കോടിയുടെ റോ-റോ’ കടത്തുസർവിസിെൻറ ആദ്യഘട്ടം ഉദ്ഘാടനമായിരുന്നു തെരഞ്ഞെടുപ്പ് കണ്ടുള്ള പര്യടനത്തിൽ പ്രധാനം.
തുടർന്ന്, വഡോദരയിലെത്തിയ പ്രധാനമന്ത്രി 1,140 കോടിയുടെ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. ഇൗ മാസം ഗുജറാത്തിൽ മോദി നടത്തുന്ന മൂന്നാം സന്ദർശനംകൂടിയായിരുന്നു ഇത്. ദക്ഷിണ ഗുജറാത്ത്- സൗരാഷ്ട്ര മേഖലകളെ ബന്ധിപ്പിച്ച് വൻ വികസനമാണ് റോ-റോ സർവിസിലൂടെ വിഭാവനചെയ്യുന്നത്. റോഡ്മാർഗം 310 കി.മീറ്റർ അകലമുള്ള പട്ടണങ്ങളാണ് ഖോഖയും ദഹേജും. ഇവക്കിടയിൽ എട്ടുമണിക്കൂർ യാത്രാദൂരമുണ്ട്. ഇത് ഒരു മണിക്കൂറിലേക്കും 31 കി.മീറ്ററിലേക്കും ചുരുക്കിയാണ് കാംബെ കടലിൽ റോ-റോ കടത്തുസർവിസ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ യാത്രക്കാർക്ക് മാത്രമായിരിക്കും. രണ്ടു മാസങ്ങൾക്കിടെ സജ്ജമാകുന്ന അടുത്തഘട്ടത്തിൽ കാറുകൾ കൊണ്ടുപോകാം. അവസാന ഘട്ടത്തിൽ ചരക്കുകയറ്റിയ വലിയ ട്രക്കുകൾ കടത്താനാകും. ഇതോടെ, ദക്ഷിണേഷ്യയിൽ ഇൗ വിഭാഗത്തിലെ ഏറ്റവും വലിയ റോ-റോ സർവിസാകും ഗുജറാത്തിലേത്. പദ്ധതിക്ക് 60കളിലാണ് ആലോചന തുടങ്ങിയതെങ്കിലും 2012ൽ മോദി മുഖ്യമന്ത്രിയായിരിക്കെയാണ് തറക്കല്ലിടുന്നത്. യാത്രസമയവും ഇന്ധനവും ലാഭിക്കാമെന്നതിനു പുറമെ ഇരുപട്ടണങ്ങൾക്കുമിടയിലെ നിരത്തുകളിൽ തിരക്കും ഒഴിവാകും. സർവിസ് വിജയമെന്നുകണ്ടാൽ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
നേരേത്ത താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാറിെൻറ ശത്രുത നേരിടേണ്ടിവന്നുവെന്നും സംസ്ഥാനത്തിെൻറ വികസനവും വ്യവസായവും മുരടിപ്പിക്കാനായിരുന്നു അവരുടെ ശ്രമമെന്നും മോദി പദ്ധതിയുടെ ഉദ്ഘാടനവേളയിൽ പറഞ്ഞു. ബി.ജെ.പി കേന്ദ്രംഭരിച്ച മൂന്നുവർഷങ്ങളിൽ എല്ലാം മാറിയെന്നുപറഞ്ഞ് പുതിയ പദ്ധതിയെ വോട്ടാക്കി മാറ്റാനും പ്രധാനമന്ത്രി മറന്നില്ല. ഖോഖയിൽ പുതിയ സർവിസിന് തുടക്കമിട്ട് കന്നിയാത്രികനായി ദഹേജ്വരെ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.