കൊച്ചി/ന്യൂഡൽഹി: എൻ.സി.പി കേരള ഘടകം പ്രസിഡൻറായി പി.സി. ചാക്കോയെ നിയമിച്ചു. അഖിലേന്ത്യ പ്രസിഡൻറ് ശരദ് പവാറിെൻറ തീരുമാനം ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് അറിയിച്ചത്. പാർട്ടിയിലെത്തി രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന പ്രസിഡൻറ് പദവി തേടിയെത്തിയതോടെ പി.സി. ചാക്കോക്ക് ലഭിച്ചത് അപൂർവ അധികാരനേട്ടം. മാർച്ച് 18നാണ് കോൺഗ്രസിലെ ഗ്രൂപ്പുരാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് മുതിർന്ന നേതാവും മുൻ ലോക്സഭ അംഗവുമായിരുന്ന പി.സി. ചാക്കോ എൻ.സി.പിയിലെത്തിയത്.
ഇതോടെ പി.സി. ചാക്കോ ഇടതുപക്ഷ പ്രചാരണവേദികളിലെ ആവേശപ്രസംഗകനായി മാറി. കോൺഗ്രസ് പിളർന്നുണ്ടായ കോൺഗ്രസ്-എസിെൻറ സംസ്ഥാന പ്രസിഡൻറ് സ്ഥാനം വഹിച്ച അദ്ദേഹത്തെ എൻ.സി.പിയുടെ പ്രസിഡൻറാക്കിയത് തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണപ്രകാരമാണെന്നാണ് സൂചന. എന്നാൽ, ഓടിയെത്തി അധികാരം സ്ഥാപിച്ചയാളല്ല താനെന്നും പാർട്ടി രൂപവത്കരണത്തിലടക്കം പങ്കുവഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പി.സി. ചാക്കോ. കോൺഗ്രസ്-എസും എൻ.സി.പിയും രൂപവത്കരിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചയാളാണ് താനെന്ന് പി.സി. ചാക്കോ ചൂണ്ടിക്കാട്ടി.
പിന്നീട് കോൺഗ്രസ് നേതൃത്വത്തിലെത്തി. എന്നാൽ, കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് പ്രതിപക്ഷ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ചാക്കോ 'മാധ്യമ'ത്തോട് പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതുകണ്ട് മനസ്സ് മടുത്തിട്ടാണ് പാർട്ടി വിട്ടത്.
പ്രതിപക്ഷ കക്ഷികളെ യോജിപ്പിക്കാൻ കഴിയുന്ന നേതാവ് ശരദ്പവാറാണ്. അതിനാലാണ് എൻ.സി.പിയുടെ ഭാഗമായത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻപോലും കഴിയാത്ത കോൺഗ്രസിൽ പലരും അസ്വസ്ഥരാണ്. പ്രമുഖ നേതാക്കളടക്കം കോൺഗ്രസ് വിട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.