ന്യൂഡൽഹി: അസമിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷനിൽ (ഒ.എൻ.ജി.സി) ജോലി ചെയ്യുന്ന മൂന്നുപേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. നിരോധിത സംഘടനയായ 'ഉൾഫ'(ഐ)യാണ് പിന്നിലെന്ന് കരുതുന്നു. അസമികളായ എം.എം. ഗൊഗോയ്, ഋതുൽ സായ്കിയ (ഇരുവരും ജൂനിയർ എൻജിനീയർ അസിസ്റ്റൻറുമാർ), അൽകേശ് സായ്കിയ (ജൂനിയർ ടെക്നീഷ്യൻ) എന്നിവരെയാണ് ബുധനാഴ്ച കാലത്ത് ഖനനം നടക്കുന്ന പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടശേഷം, കമ്പനിയുടെ മെഡിക്കൽ ആവശ്യത്തിനുള്ള വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്.
ഈ വാഹനം പിന്നീട് അസം-നാഗാലൻഡ് അതിർത്തിക്കടുത്ത വനപ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അസമിലെ ശിവസാഗർ ജില്ലയിലുള്ള ലക്വ എണ്ണ ഖനനകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കാലത്ത് അഞ്ചംഗ സായുധസംഘമാണ് എത്തിയത്. തൊഴിലാളികളുടെ മോചനത്തിന് ശ്രമം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്. ഒ.എൻ.ജി.സിയുടെ ശിവസാഗർ കേന്ദ്രത്തിൽ രണ്ടായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. തീവ്രവാദികൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. തീവ്രവാദികൾ തട്ടിയെടുത്തവരുടെ കുടുംബവുമായി ഒ.എൻ.ജി.സി അധികൃതർ ബന്ധപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.