പ്രതീകാത്മക ചിത്രം 

മണ്ണിടിച്ചിൽ; അസമിൽ മൂന്ന് റാറ്റ് ഹോൾ മൈനേഴ്സ് കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹതി: അസമിലെ അരുണാചൽ അതിർത്തി മേഖലയായ ടിൻസുകിയയിൽ കൽക്കരി ഖനനത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് റാറ്റ് ഹോൾ മൈനേഴ്സ് കുടുങ്ങി. ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടം.

കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികൾ മേഘാലയ സ്വദേശികളും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. ആകെ ഏഴ് തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. മൂന്ന് പേർ മണ്ണിൽ ചെറിയ മാളമുണ്ടാക്കി അതിൽ നൂണ്ടുകയറി ഖനനം ചെയ്തപ്പോൾ, പുറത്തുള്ളവർ കൽക്കരി മറ്റുസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മണ്ണിടിഞ്ഞ് മാളം മൂടിയത്.

മണ്ണിൽ എലിമാളം പോലെയുള്ള ചെറിയ തുരങ്കങ്ങളുണ്ടാക്കി അതിൽ കയറി ഖനനം നടത്തുന്നവരെയാണ് റാറ്റ് ഹോൾ മൈനേഴ്സ് എന്ന് വിളിക്കുന്നത്. വളരെയേറെ അപകട സാധ്യതയുള്ള പ്രവൃത്തിയായതിനാൽ രാജ്യത്ത് ഇത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ചെലവ് കുറഞ്ഞ രീതിയായതിനാൽ നിയമംലംഘിച്ചും വൻതോതിൽ ഇത്തരം ഖനനം നടക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കം തകർന്ന് തൊഴിലാളികൾ അകത്ത് കുടുങ്ങിയപ്പോൾ ഇവരെ രക്ഷപ്പെടുത്താൻ നിയോഗിച്ചത് റാറ്റ് ഹോൾ മൈനർമാരെയായിരുന്നു. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റർവരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിർമിക്കുന്നവരാണ് റാറ്റ്‌ ഹോള്‍ മൈനേഴ്‌സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് ‘റാറ്റ്-ഹോൾ മൈനേഴ്സ്’ അഥവാ ‘എലിമട ഖനന തൊഴിലാളികൾ’ എന്ന് വിളിക്കപ്പെടുന്നത്.

Tags:    
News Summary - Three rat-hole coal miners trapped after landslide in Assam, rescue ops on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.