തമിഴ് ഭാഷയെ എല്ലാ ഇന്ത്യൻ പ്രദേശങ്ങളിലേക്കും എത്തിക്കണമെന്ന് തമിഴ്നാട് ഗവർണർ

ചെന്നൈ: തമിഴ് വളരെ സമ്പന്നവും ബൗദ്ധികവും ആത്മീയവുമായ ഭാഷയാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തമിഴ് എത്തിയിട്ടില്ലാത്ത ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് കൂടി ഭാഷ പ്രചരിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസ് പ്രസിഡൻസിയുടെ ബ്രിട്ടീഷ് ഭരണത്തെ രൂക്ഷമായി വിമർശിച്ച ഗവർണർ മദ്രാസിലെ കൃഷിയും ഇരുമ്പ് വ്യവസായവും വിദ്യാഭ്യാസ സമ്പ്രദായവും ബ്രിട്ടീഷുകാർ ആസൂത്രിതമായി നശിപ്പിച്ചിരുന്നുവെന്നാരോപിച്ചു.

അന്താരാഷ്‌ട്ര ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ എന്തിന് ഹിന്ദി പഠിക്കണമെന്ന തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടി ചോദിച്ചതിന് പിന്നാലെയാണ് ഗവർണറുടെ പരാമർശം. കോയമ്പത്തൂരിലെ ഭാരതിയാർ സർവ്വകലാശാലയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നമ്മുടെ പ്രധാനമന്ത്രി എപ്പോഴും പറയുന്നതുപോലെ, ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ തമിഴാണ്. അത് വളരെ സമ്പന്നവും ബൗദ്ധികവും ആത്മീയവുമാണ്. തമിഴ് എത്താത്ത പ്രദേശങ്ങളിലേക്ക് കൂടി ഭാഷ പ്രചരിപ്പിക്കണം. മുഖ്യമന്ത്രിയുടെയും ജഡ്ജിമാരുടെയും യോഗങ്ങളിലും ഹൈകോടതിയിലും സംസ്ഥാനത്തിന്റെ ഭാഷയുടെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രിയും പറഞ്ഞതാണ്." -ഗവർണർ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയം മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും തമിഴ് പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാൽ സംസ്ഥാത്തിന് പുറത്തുള്ള സർവകലാശാലകളിലും തമിഴിന് സീറ്റുകൾ നൽകണമെന്ന് താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴിന്റെ ഗുണവും സമൃദ്ധിയും മറ്റുള്ളവരും അനുഭവിക്കുകയും ആസ്വദിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ അതിൽ പുരോഗമന സംസ്ഥാനമായ തമിഴ്‌നാടിന് വലിയ പങ്കുണ്ട്. നമ്മുടെ ചോളന്മാർ കടൽ യാത്രയ്ക്ക് പേരുകേട്ടവരായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസിൽ വന്നപ്പോൾ അവർ ഇവിടെ നിന്ന് ആദ്യമായി എടുത്ത സാങ്കേതിക വിദ്യ കപ്പൽ നിർമ്മാണമായിരുന്നു. ബ്രിട്ടീഷ് കോളനിവൽക്കരണമാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തത്." -ഗവർണർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Time to take Tamil to other parts of the country, says TN Governor RN Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.