ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് തൃണമൂൽ നേതാക്കളെ അടർത്തിയെടുക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമത്തിനിടയിൽ മൂന്നു പ്രമുഖ നേതാക്കളെ കൂടി ഭരണകക്ഷിക്ക് നഷ്ടമായി. ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് നേതൃത്വം നൽകാൻ ഇതിനിടെ, ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിൽ.
തൃണമൂൽ എം.എൽ.എ ശീൽഭദ്ര ദത്ത, ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാം എന്നിവരാണ് വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസ് വിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിെൻറ വിജയത്തിന് നിർണായക പങ്കുവഹിച്ച സുവേന്ദു അധികാരിയും മറ്റൊരു എം.എൽ.എയായ ജിതേന്ദ്ര തിവാരിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇവരിൽ സുവേന്ദു അധികാരി അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുകയാണ്. അതേസമയം, ബി.ജെ.പിയിൽ ചേരില്ലെന്നും അഭിഭാഷകവൃത്തിയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ജിതേന്ദ്ര തിവാരി അറിയിച്ചു.
മൂന്ന് എം.എൽ.എമാർ രാജിവെച്ചത് തൃണമൂലിൽ ആശങ്ക വളർത്തിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ രാജി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിയമസഭ സ്പീക്കർ ബിമൻ ബാനർജി സ്വീകരിച്ചില്ല. രാജിക്കത്തിൽ തീയതിയില്ല, സ്വമേധയാ നൽകിയ രാജിക്കത്തായി തോന്നുന്നില്ല തുടങ്ങിയ കാരണങ്ങളാണ് സ്പീക്കർ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച തെന്ന വന്നു കാണാനും നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർഥിനിർണയത്തിൽ തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ നടത്തുന്ന ഇടപെടൽ അസഹനീയമായെന്നാണ് ഒടുവിൽ രാജിവെച്ച ശീൽഭദ്ര ദത്ത എം.എൽ.എ കുറ്റപ്പെടുത്തിയത്. എന്നാൽ, തിരമാലക്കൊപ്പം ചിലർ പോകും, വരുമെന്ന പ്രതികരണമാണ് മുഖ്യമന്ത്രി മമത ബാനർജി നടത്തിയത്.
മമതയുടെ വലംകൈയായിരുന്ന മുകുൾ റോയി 2017ൽ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതിനു ശേഷമാണ് തൃണമൂലിൽ അസ്വസ്ഥതകൾ വളർന്നു തുടങ്ങിയത്. ശാരദ ചിട്ടിഫണ്ട്, നാരദ ഒളികാമറ പ്രയോഗം എന്നിവയിൽ കുടുങ്ങിനിന്നതിനൊടുവിലായിരുന്നു മുകുൾ റോയിയെ ബി.ജെ.പി അടർത്തി എടുത്തത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 294ൽ 200 സീറ്റ് നേടുമെന്ന പ്രഖ്യാപനം നടത്തിയാണ് അമിത് ഷാ മമതയുമായി ഏറ്റുമുട്ടുന്നത്.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ഭരണകൂടത്തിനെതിരെ നടപടി മുറുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ഡൽഹിക്ക് വിളിപ്പിച്ച ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ കോവിഡ് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി അയച്ചിരുന്നില്ല. തുടർന്ന് രണ്ടുപേരിൽനിന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിഡിയോ കോൺഫറൻസിങ്ങിലൂടെ വിശദീകരണം തേടി.
നഡ്ഡയുടെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാറിലേക്ക് ആഭ്യന്തര മന്ത്രാലയം തിരിച്ചുവിളിച്ചെങ്കിലും അവർ പോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.