കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട ആക്രമണ സംഭവങ്ങൾക്ക് അവസാനമില്ല. സുജാപൂരിൽ തൃണമൂൽ പ്രാദേശിക നേതാവ് മുസ്തഫ ഷെയ്‌ഖ് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു.
സംഘർഷ പ്രദേശങ്ങൾ രണ്ടാം ദിവസവും ഗവർണർ സി.വി. ആനന്ദബോസ് സന്ദർശിച്ചു. അതേസമയം, കേന്ദ്രമന്ത്രി നിശിത് പ്രമാണികിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിൽ പത്രിക സമർപ്പണ നടപടികൾ പരിശോധിക്കാനെത്തിയതാണ് മന്ത്രി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ ഓഫിസിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നും കൃത്രിമം നടത്തുകയാണെന്നും ആരോപിച്ചാണ് മന്ത്രിയുടെ ഇടപെടൽ. ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ പ്രചരിച്ചു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ടി.എം.സി നേതാവും ഉത്തര ബംഗാൾ വികസന മന്ത്രിയുമായ ഉദയൻ ഗുഹ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.