ശരദ് പവാറിന് സ്റ്റാലിന്‍റെ പിന്തുണ; ഫോണിൽ വിളിച്ച്​ തമിഴ്​നാട്​ മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ തിങ്കളാഴ്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തലവൻ ശരദ് പവാറിന് പിന്തുണ അറിയിച്ചു. സ്റ്റാലിൻ ശരദ് പവാറുമായി ഫോണിൽ സംസാരിക്കുകയും എൻ.സി.പിക്ക് ഡി.എം.കെയുടെ പിന്തുണ അറിയിക്കുകയും ചെയ്യുകയായിരുന്നു.

മെയിൽ​ ശരദ്​പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് പറഞ്ഞപ്പോൾ സ്റ്റാലിൻ എതിർത്തിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മതേതര സഖ്യം രൂപീകരിക്കാൻ മുതിർന്ന നേതാവിന്റെ ശക്തി ആവശ്യമായതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നാണ്​ സ്റ്റാലിനും അന്ന്​ അഭ്യർഥിച്ചത്​. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മാനിച്ച് എൻസിപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ ഒടുവിൽ ഉപേക്ഷിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻ.സി.പി പിളർത്തി അജിത് പവാറും സംഘവും എൻ.ഡി.എ ക്യാംപിലെത്തിയതിന്‍റെ ഞെട്ടലിലാണ് പ്രതിപക്ഷം. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതിന്‍റെ വിവരങ്ങൾ പങ്കുവച്ച് രംഗത്തെത്തി. ശരത് പവാറുമായി സംസാരിച്ചതായും താൻ സ്ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാർ പറഞ്ഞതെന്ന് അദ്ദേഹം വിവരിച്ചു. ഉദ്ധവ് താക്കറയുമായി ചേർന്ന് വീണ്ടും എല്ലാം പുനർ നിർമ്മിക്കുമെന്നും ശരദ് പവാർ പറഞ്ഞതായി റാവത്ത് പറയുന്നു.

പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് എൻ.സി.പി. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എം.എൽ.എമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകി. മൂന്നിൽ രണ്ട് എം.എൽ.എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - TN CM Stalin Speaks To Sharad Pawar, Expresses Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.