മൊബൈൽ ടവർ നൽകാത്തതിന്​ 'പ്രതികാരം'; എം.എൽ.എയെ ക്ഷണിച്ചുവരുത്തി പണികൊടുത്ത്​ ഗ്രാമവാസികൾ

ഭരണാധികാരികൾ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ച്​ വലിയവായിൽ ഗീർവാണങ്ങൾ മുഴക്കുന്ന കാലമണിത്​. ഇതിന്‍റെ മറുവശമെടുത്താൽ, ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര നാരായണന്മാർ മര്യാദക്ക്​ മൊബൈൽ റേഞ്ചുപോലും ഇല്ലാതെ വലയുന്ന കാഴ്​ച്ചയാണ്​ രാജ്യത്തുള്ളത്​. ഇത്തരം ദുരിതങ്ങൾക്ക്​ സർഗാത്മകമായി 'പ്രതികാരം' ചെയ്തിരിക്കുകയാണ്​ ഒഡിഷയിലെ ബന്ദപാരി ഗ്രാമവാസികൾ. മൊബൈൽ ടവർ ഇല്ലാത്തതിന്‍റെ ദുരിതം എം.എൽ.എയെ അറിയിക്കാനാണ്​ ഗ്രാമീണർ പുതിയ പദ്ധതി തയ്യാറാക്കിയത്​.


കഥയിങ്ങനെ

ബി.ജെ.ഡി എം.എൽ.എ പ്രദീപ് കുമാർ ദിഷാരിയെ കാണാനെത്തിയ​ ബന്ദപാരി ഗ്രാമവാസികൾ, അവരുടെ നാട്ടിൽ പുതുതായി നിർമിച്ച മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യാൻ എം.എൽ.എയെ ക്ഷണിക്കുകയും ചെയ്തു. തന്റെ മണ്ഡലമായ ബൗത്തിഖാമാനിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഉദ്ഘാടനത്തിന് വരാമെന്ന് എം.എൽ.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എൽ.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്. മൊബൈൽ ടവറിന് പകരം കണ്ടത് മുളക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എൻ.എൽ 4G എന്നെഴുതിയ ബാനറും അതിന് മുന്നിൽ വലിച്ചുകെട്ടിയിരുന്നു.


നമ്മുടെ പുതിയ മൊബൈൽ ടവറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ പ്രദീപ് കുമാർ ദിഷാരി നിർവഹിക്കുന്നു എന്നും ആ ബാനറിൽ എഴുതിയിരുന്നു. കാര്യമന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഗ്രാമവാസികൾ മനസുതുറന്നത്. ഒരു മൊബൈൽ ടവറിനായി ആ ഗ്രാമവാസികൾ കയറിയിറങ്ങാത്ത ഓഫീസുകളില്ല, കാണാത്ത ജനപ്രതിനിധികളില്ല. പക്ഷേ ആരും അവരുടെ ആവശ്യത്തെ ഗൗനിച്ചതേയില്ല.സകല കാര്യങ്ങൾക്കും മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കേണ്ടിവരുന്ന കാലഘട്ടത്തിൽ ഇതൊന്നുമില്ലാതെ ഇവിടുത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ഇവിടെ വന്ന് വാഗ്ദാനങ്ങൾ നടത്തും. എന്നാൽ ജയിച്ചുകയറിയാൽ പിന്നെ തിരിഞ്ഞുനോക്കില്ലെന്ന് ഗ്രാമവാസിയായ തരുണ ദളപതി പറയുന്നു. ബി.എസ്.എൻ.എൽ നെറ്റ്‌വർക്കാണ് അവിടെ ആകെ ലഭിക്കുന്നത്. അതിനാകട്ടെ റേഞ്ച് ഒട്ടും കിട്ടാറില്ല. ഒന്ന് ഫോൺ വിളിക്കണമെങ്കിൽ പോലും നാല് കിലോമീറ്റർ മലമ്പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അകലെയുള്ള കുകെൽകുബോറി ഗ്രാമത്തിലേക്കെത്തണം. കൃത്യസമയത്ത് ആംബുലൻസ് വിളിക്കാൻ സാധിക്കാത്തതിനാൽ 27 കാരിയായ ഗർഭിണി മരിച്ച സംഭവവും ഗ്രാമവാസികൾ പങ്കുവെക്കുന്നു. നേരത്തെ ആംബുലൻസ് വിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ ആശുപത്രിയിലെത്തിക്കാനും ജീവൻ രക്ഷിക്കാനും സാധിക്കുമായിരുന്നെന്ന് അവർ പറയുന്നു.

കോവിഡിന്റെ ആരംഭം മുതൽ സകല സ്‌കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. അടുത്തുള്ള ഗ്രാമത്തിലേക്ക് കുന്നുംമലയും കയറി മണിക്കൂറുകൾ സഞ്ചരിച്ചാൽ മാത്രമേ ക്ലാസ് കാണാൻ സാധിക്കൂ. രാവിലെ മലമ്പ്രദേശത്തേക്ക് പോകുന്നകുട്ടികൾ മടങ്ങിയെത്തുമ്പോൾ രാത്രി ഒമ്പതുമണി കഴിയും. ഈ സമയം മുഴുവൻ അവരുമായി ആശയവിനിമയം നടത്താൻ കഴിയാതെ മാതാപിതാക്കൾ ഭീതിയിലാണ് കഴിയുന്നത്. സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് കടന്നതെന്ന് നാട്ടുകാർ പറഞ്ഞു.


അതേസമയം, ഗ്രാമീണരുടെ ഈ വേറിട്ട പ്രതിഷേധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് എം.എൽ.എ ദിഷാരി സമ്മതിച്ചു.ഈ ഗ്രാമത്തിൽ എങ്ങനെ ഒരു മൊബൈൽ ടവർ വരുമെന്ന് സംശയം തോന്നിയെങ്കിലും ഗ്രാമവാസികൾ ഇങ്ങനെ ഒരു സമരം ആസൂത്രണം ചെയ്തതായി എനിക്കറിയില്ലായിരുന്നു. അവരുടെ സങ്കടങ്ങൾ ഞാൻ മനസ്സിലാക്കുന്നു. ഈ പ്രദേശങ്ങളിൽ ടെലികോം ടവറുകൾ സ്ഥാപിക്കുന്നതിന് ഞങ്ങൾ വേണ്ടത് ചെയ്യും. കേന്ദ്രത്തിൽ നിന്ന് ഇതിനായി അനുമതി ലഭിക്കേണ്ടതുണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. എന്നാലും ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നും അതുവരെ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഗ്രാമവാസികൾ. ഒഡിഷയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത 6278 ഗ്രാമങ്ങളുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി നവീൻ പട്‌നായിക് തന്നെ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - To protest poor network, Odisha villagers invite MLA to mock inauguration of mobile tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.