ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയുടെ അന്യായ തടങ്കലിനെതിരെ സ ഹോദരി സാറ അബ്ദുല്ല നൽകിയ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സാറയുടെ ഹേബിയസ് കോർപസ് ഹരജി അടിയന്തരമായി കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് അരുൺ മിശ്ര അംഗീകരിച്ചില്ല. ജസ്റ്റിസ് ഇന്ദിര ബാനർജികൂടി അടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ച് കേസ് മാർച്ച് രണ്ടിലേക്കു നീട്ടി.
സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കിൽ 15 ദിവസംകൂടി കാത്തിരുന്നാലും ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞാണ് കോടതി സാറയുടെ ആവശ്യം തള്ളിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നായിരുന്നു ആദ്യം ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്.
എന്നാൽ, ഹേബിയസ് കോർപസ് ഹരജികൾ മൂന്നാഴ്ച നീട്ടിവെക്കാറില്ലെന്ന് കപിൽ സിബൽ പറഞ്ഞപ്പോൾ എങ്കിൽ 15 ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്ന് ഉത്തരവിട്ടു. പൗരെൻറ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കപിൽ സിബൽ പറഞ്ഞിട്ടും ജസ്റ്റിസ് അരുൺ മിശ്ര അംഗീകരിച്ചില്ല. ഫെബ്രുവരി 12ന് ആദ്യം പരിഗണിച്ച കേസ് ജസ്റ്റിസ് ശാന്തനു ഗൗഡർ പിന്മാറിയതിനെ തുടർന്നാണ് വെള്ളിയാഴ്ചത്തേക്കു വെച്ചത്.
കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞ ശേഷം 2019 ആഗസ്റ്റ് മുതൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലക്കും മഹ്ബൂബ മുഫ്തിക്കുമെതിരെ ഇൗ മാസമാണ് പൊതുസുരക്ഷാനിയമം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.