ലഖ്നോ: വലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 പശുവിനെ കെട്ടിപ്പിടിക്കാനുള്ള ദിനമായി ആചരിക്കാൻ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത് വിവാദമായതിന് പിന്നാലെ, പശുവിന് അസുഖങ്ങൾ മാറ്റാനാകുമെന്ന വിചിത്ര അവകാശവാദവുമായി യു.പി മന്ത്രി ധരംപാൽ സിങ്. പശുവിനെ തൊടുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും നിരവധി അസുഖങ്ങളെ അകറ്റിനിർത്തുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 14ന് പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. നേരത്തെയും ഇത്തരത്തിലുള്ള പ്രസ്താവനകൾ ധരം പാൽ സിങ് നടത്തിയിട്ടുണ്ട്. വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗോമൂത്രം അത്യുത്തമമാണെന്നും ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും അത് തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ, ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുവെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള ആഹ്വാനവുമായി ഇന്നലെയാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കൾ. പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്തയുടെ ആഹ്വാനത്തിൽ പറയുന്നു.
പശുവിനുള്ള വളരെയേറെ ഗുണങ്ങൾ പരിഗണിക്കുമ്പോൾ, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂർണവും ഏവർക്കും സന്തോഷം നിറക്കുന്നതുമാണ്. പശു നൽകുന്ന പോസിറ്റീവ് എനർജിയും ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗോമാതാവിന്‍റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.