കങ്കണയുടെ കരണത്തടിച്ചതിന് സ്വർണമോതിരം സമ്മാനം; നൽകുന്നത് തന്തൈ പെരിയോർ ദ്രാവിഡ കഴകം

ചെന്നൈ: കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിന് തന്തൈ പെരിയോർ ദ്രാവിഡ കഴകം (ടി.പി.ഡി.കെ) സ്വർണമോതിരം സമ്മാനം നൽകും. കർഷകർക്കായി നിലയുറപ്പിച്ച കുല്‍വിന്ദര്‍ കൗറിന് എട്ട് ഗ്രാമിന്‍റെ സ്വർണമോതിരമാണ് നൽകുക. കുൽവിന്ദർ കൗറിന്‍റെ വീട്ടിലെ വിലാസത്തിൽ കൊറിയർ വഴിയോ അല്ലെങ്കിൽ പ്രത്യേക ദൂതൻ വഴിയോ മോതിരം അയക്കുമെന്ന് ടി.പി.ഡി.കെ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചു.

കങ്കണ റണാവത്തിന്‍റെ കരണത്തടിച്ചതിന് പിന്നാലെ അറസ്റ്റിലായ കോൺസ്റ്റബിളിനെ സി.ഐ.എസ്.എഫ് സസ്പെൻഡ് ചെയ്തിരുന്നു. കുൽവിന്ദർ കൗറിന് ജോലി നൽകുമെന്ന് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‍ലാനി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്.

കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുല്‍വിന്ദര്‍ കൗറിന്‍റെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്കുവേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ ഒരു സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ മുഖത്ത് അടിക്കുകയും അപമാനിക്കുകയും ചെയ്തതായി അവർ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. സംഭവം അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെ കങ്കണ പരാജയപ്പെടുത്തിയത്.

Tags:    
News Summary - TPDK party will a gold ring to the CISF woman constable who beat Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.