ബാലവേലക്ക് കുട്ടികളെ കടത്ത്: മദ്റസ അധ്യാപകർ നിരപരാധികളെന്ന് റെയിൽവേ പൊലീസ്

മുംബൈ: ബാലവേലക്ക് ബിഹാറിൽനിന്ന് മഹാരാഷ്ട്രയിലേക്ക് കുട്ടികളെ കടത്തിയെന്നാരോപിച്ച് അഞ്ചു മദ്റസ അധ്യാപകർക്കെതിരെ എടുത്ത കേസ് മഹാരാഷ്ട്ര ഗവ. റെയിൽവേ പൊലീസ് (ജി.ആർ.പി) പിൻവലിച്ചു. കുട്ടികളെ മതപഠനത്തിനായി പുണെ, സാംഗ്ലി എന്നിവിടങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായും കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകിയതായും ജി.ആർ.പി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞവർഷം മേയിൽ അറസ്റ്റിലായ മദ്റസ അധ്യാപകരായ മുഹമ്മദ് അഞ്ജൂർ ആലം മുഹമ്മദ് സയ്യിദ് അലി (34), സദ്ദാം ഹുസൈൻ സിദ്ദിഖി (23), നൊമാൻ ആലം സിദ്ദിഖി (28), ഇജാസ് സിയാബുൾ സിദ്ദിഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂൺ (22) എന്നിവർ നിലവിൽ ജാമ്യത്തിലാണ്. എട്ടിനും 17 നുമിടയിൽ പ്രായമുള്ള 59 കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. ഡൽഹി ജുവനൈൽ ജസ്റ്റിസ് ബോർഡുമായും റെയിൽവേ ബോർഡുമായും ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥൻ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്) സന്നദ്ധ സംഘടനയും ചേർന്ന് നൽകിയ പരാതിയിൽ ഭുസാവൽ, മൻമാഡ് റെയിൽവേ സ്റ്റേഷനുകളിലെ ജി.ആർ.പി സ്റ്റേഷനുകൾ കേസെടുക്കുകയായിരുന്നു. 12 ദിവസത്തിനുശേഷം കുട്ടികളെ ബന്ധുക്കൾക്ക് കൈമാറി. ഒരുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് മദ്റസ അധ്യാപകർക്ക് ജാമ്യം ലഭിച്ചത്. കുട്ടികളെ മതപഠനത്തിന് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കുന്ന രേഖകളൊന്നും അധ്യാപകരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും കുട്ടികളെ മതപഠനത്തിനാണ് കൊണ്ടുവന്നതെന്നും വ്യക്തമായതോടെ കഴിഞ്ഞ മാർച്ചിൽ കേസ് പിൻവലിച്ച് കോടതിയിൽ അപേക്ഷ നൽകിയതായി മഹാരാഷ്ട്ര റെയിൽവേ ഡയറക്ടർ ജനറൽ പ്രദ്‌ന്യ സരവഡെ സ്ഥിരീകരിച്ചു. പരിശോധനയിൽ മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി മൻമാഡ് ജി.ആർ.പി ഇൻസ്പെക്ടർ ശരദ് ജോഗ്ദണ്ട്, ഭൂസാവൽ ജി.ആർ.പിയിലെ ഇൻസ്പെക്ടർ വിജയ് ഗെരാഡെ എന്നിവർ പറഞ്ഞു.

കേസും അറസ്റ്റും തങ്ങൾക്കെതിരെ തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്നും ജോലിക്കായി സൗദി അറേബ്യയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടിവന്നതായും ഹാറൂൺ പറഞ്ഞു. എല്ലാ കുട്ടികളുടെയും ആധാർ കാർഡുണ്ടായിട്ടും മാതാപിതാക്കളുമായി വിഡിയോ കോൾ വഴി പൊലീസിനെ ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടും അംഗീകരിച്ചില്ലെന്ന് സദ്ദാം ഹുസൈൻ സിദ്ദിഖി പറഞ്ഞു.

Tags:    
News Summary - Trafficking children for child labour: Madrasa teachers innocent -Railway Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.