ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ബദ്ധവൈരികളായ പാർട്ടികൾപോലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധത്തിൽ കറുപ്പണിഞ്ഞ് ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ പ്രതിപക്ഷ ഐക്യം വിളിച്ചറിയിച്ച അപൂർവമായ ശക്തിപ്രകടനത്തിന് തിങ്കളാഴ്ച പാർലമെന്റ് സാക്ഷ്യംവഹിച്ചു. ഏതാനും ദിവസം മുമ്പ് കോൺഗ്രസിനോടും ബി.ജെ.പിയോടും സമദൂര സിദ്ധാന്തം പ്രഖ്യാപിച്ച സംയുക്ത പ്രതിപക്ഷ സമരത്തിൽനിന്ന് വിട്ടുനിന്നിരുന്ന തൃണമൂൽ കോൺഗ്രസ് നിലപാട് മാറ്റി കറുപ്പണിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
കോൺഗ്രസിന്റെ വൈരിയായ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിന്റെ ഭാരതീയ രാഷ്ട്രസമിതി എം.പിമാരും കറുപ്പണിഞ്ഞ് പാർലമെന്റിന് അകത്തും പുറത്തും രാഹുലിനായുള്ള പ്രതിഷേധത്തിൽ പങ്കാളികളായി. കോൺഗ്രസിന്റെ മറ്റൊരു വൈരിയായ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ഖാർഗെ വിളിച്ച യോഗത്തിലും സഭക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിലും പങ്കെടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതിവുപോലെ തന്റെ പാർലമെന്റിലെ ഓഫിസിൽ വിളിച്ചുചേർത്ത സഭയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് തൃണമൂല്‍ എംപിമാരായ പ്രസൂൻ ബാനര്‍ജിയും ജവഹര്‍ സര്‍ക്കാറുമാണ് എത്തിയത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തുടങ്ങിയ ശേഷം അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് നടത്തുന്ന സംയുക്ത പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു തൃണമൂൽ കോൺഗ്രസ് തീരുമാനം. പശ്ചിമ ബംഗാളിലെ രാഷ്ട്രീയം കൂടി പരിഗണിച്ച് കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തുല്യഅകലം പാലിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പിന്തുണ രാഹുൽ ഗാന്ധിക്കാണെന്നും രാഹുലിനെ അയോഗ്യനാക്കിയ വിഷയത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങൾക്ക് സുരക്ഷയൊരുക്കാനും മുന്നോട്ടുവരുന്ന ആരെയും സ്വാഗതംചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.