ജവഹർ സിർകാർ

ഡോക്ടറുടെ കൊലപാതകം: പ്രശ്‌നം പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു; എം.പി സ്ഥാനം രാജിവെച്ച് തൃണമൂൽ നേതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ബംഗാൾ സർക്കാർ കൈകാര്യം ചെയ്ത നടപടിയിലും തുടർന്നുണ്ടായ സംഭവങ്ങളിലും പ്രതിഷേധിച്ച് എം.പി സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ജവഹർ സിർകാർ.

മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിക്ക് എഴുതിയ കത്തിലാണ് രാജി പ്രഖ്യാപനം. ഏതാനും മാസങ്ങളായി മമത ബാനർജിയുമായി സ്വകാര്യമായി സംസാരിക്കാൻ കഴിയാത്തതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിലും പ്രശ്‌നം പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

അഴിമതിയിലും ഒരു വിഭാഗം നേതാക്കളുടെ വർധിച്ചുവരുന്ന കരുനീക്ക തന്ത്രങ്ങളിലും സംസ്ഥാന സർക്കാർ ഉത്കണ്ഠ കാണിക്കാത്തതിനാൽ താൻ കൂടുതൽ നിരാശനായി. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ടതായും ടി.എം.സി സർക്കാറിനോടുള്ള വർധിച്ചുവരുന്ന അതൃപ്തിയാണ് ജനരോഷം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷമായി പാർലമെന്‍റിൽ സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജനങ്ങൾ നൽകിയ അവസരത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. എന്നാൽ എം.പിയായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഴിമതി, വർഗീയത, സ്വേച്ഛാധിപത്യം എന്നിവക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയിൽ വിലപേശൽ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Trinamool MP quits post, writes to Mamata Banerjee: 'Never seen such angst'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.