കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) വമ്പൻ ജയം. 108 മുനിസിപ്പാലിറ്റികളിൽ 102ഉം വിജയിച്ച് എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ടി.എം.സിയുടെ മുന്നേറ്റം. 10 മാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പിലും ടി.എം.സി വൻ വിജയം കൊയ്തിരുന്നു.
പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ നന്ദിഗ്രാം എം.എൽ.എയുമായ സുവേന്ദു അധികാരിയുടെ തട്ടകമായ കാന്തി മുനിസിപ്പാലിറ്റി തൃണമൂൽ പിടിച്ചെടുത്തു. ഡാർജീലിങ് മുനിസിപ്പാലിറ്റിയിൽ തൃണമൂലിനും ബി.ജെ.പിക്കും തിരിച്ചടി നൽകി, ഹാരോ പാർട്ടി ഇരുവരെയും ഞെട്ടിച്ചു. മലയോര രാഷ്ട്രീയത്തിലെ പുതുമുഖമാണ് ഹാരോ. സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തഹേർപുർ മുനിസിപ്പാലിറ്റിയിൽ ഭരണമുറപ്പിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ വിജയിച്ച് മുഖ്യപ്രതിപക്ഷമായി ഉയർന്ന ബി.ജെ.പിക്ക് ഒറ്റ മുനിസിപ്പാലിറ്റിയിലും ഭരണമില്ല. കോൺഗ്രസിനും മുനിസിപ്പാലിറ്റി ഭരണം കിട്ടാക്കനിയായി. 102 മുനിസിപ്പാലിറ്റിയിൽ തൃണമൂലും ഒന്നുവീതം ഇടതുമുന്നണിയും ഹാരോ പാർട്ടിയും ഭരണം പിടിച്ചപ്പോൾ നാലു മുനിസിപ്പാലിറ്റികളിൽ തൂക്കുഭരണമാണ്.
മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ, പുരുലിയയിലെ ജൽദ, ഹൂഗ്ലിയിലെ ചമ്പദാനി, മേദിനിപുർ ജില്ലയിലെ എഗ്ര എന്നിവിടങ്ങളിലാണ് തൂക്കുസഭ. 27 മുനിസിപ്പാലിറ്റികളിൽ പ്രതിപക്ഷത്തിന് ഒറ്റ സീറ്റുപോലും നൽകാതെ തൃണമൂൽ തൂത്തുവാരി. വൻ ഭൂരിപക്ഷം നൽകിയ ബംഗാളിലെ ജനങ്ങൾക്ക് മമത നന്ദി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇടതുപാർട്ടികൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നതായി മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്കുപോലും മുനിസിപ്പാലിറ്റി ഭരണം കിട്ടാത്ത തെരഞ്ഞെടുപ്പിൽ തഹേർപുർ മുനിസിപ്പാലിറ്റി ഭരണം പിടിച്ചെടുത്ത് ഇടതുമുന്നണി സാന്നിധ്യമുറപ്പിച്ചതായി സുജൻ ചക്രവർത്തി അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ നിഷ്പ്രഭമായിപ്പോയ ഇടതുമുന്നണി നൂറോളം സീറ്റുകളിൽ വിജയിച്ചുവെന്നും ബി.ജെ.പിയുടെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.