അഗർതല: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പിക്കാർ മർദിച്ചു. ദക്ഷിണ ത്രിപുരയിലെ 36-ശാന്തിർബസാർ നിയോജക മണ്ഡലത്തിലെ കലച്ചേര പോളിംഗ് സ്റ്റേഷന് പുറത്താണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ ശാന്തിർബസാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ പുലര്‍ച്ചെ രണ്ടിടത്തായി ബോംബാക്രമണം ഉണ്ടായി. സി.പി.എം പ്രവര്‍ത്തകരായ ഗൗതം നഗറിലെ തരുണ്‍ ദേബ്നാഥ്, മുരാബാഡിയില്‍ അസീം ദേബ് നാഥ് എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു.
സംസ്ഥാനത്തെ 3,337 പോളിങ് സ്റ്റേഷനുകളിലിൽ 1,100 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും.
ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം, സി.പി.എം-കോൺഗ്രസ് സഖ്യം, മുൻ രാജകുടുംബത്തിന്റെ പിൻഗാമികൾ രൂപവത്കരിച്ച പ്രാദേശിക പാർട്ടിയായ ടിപ്ര മോത എന്നിവയാണ് പ്രധാന പാർട്ടികൾ. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
മുൻകരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും ഫെബ്രുവരി 17ന് രാവിലെ ആറുവരെ തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അന്താരാഷ്ട്ര, അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്.
13.53 ലക്ഷം സ്ത്രീകളുൾപ്പെടെ 28.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരാണ് 20 സ്ത്രീകളടക്കം 259 പേരുടെ വിധി നിർണയിക്കുക. മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവലി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരിൽ മത്സരിക്കുന്നു. ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ മുഖമുദ്രയായ സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധുരി, സബ്റൂം മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. ടിപ്ര മോത മേധാവി പ്രദ്യോത് ദേബർമ മത്സരരംഗത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.