അഗർത്തല: ത്രിപുരയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുഖപ്രസംഗ കോളം ശൂന്യമായിട്ട് ത്രിപുരയിലെ പത്രങ്ങളും. മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രാദേശിക ഭാഷയിൽ അച്ചടിക്കുന്ന പത്രങ്ങളെല്ലാം എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ചില പത്രങ്ങൾ എഡിറ്റോറിയൽ കോളത്തിന് കറുപ്പനിറം നൽകിയിട്ടുണ്ട്.
നവംബർ 21 നാണ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥെൻറ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ സുധീപ് ദത്ത ഭൗമിക് കൊല്ലപ്പെട്ടത്. സുധീപ് ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും പ്രാദേശിക ടിവി ചാനല്‍ ന്യൂസ് വംഗ്വാദിെൻറയും ലേഖകനായിരുന്നു. രണ്ട് മാസത്തിനിടെ ത്രിപുരയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പത്രസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
നേരത്തെ, പ്രധാനമന്ത്രി മോദിയെ വിമർശിച്ചെന്ന് ആരോപിച്ച് പത്രം കത്തിച്ച സംഭവത്തിൽ മണിപ്പൂരിലെ പത്രങ്ങളും മുഖപ്രസംഗ കോളം ശൂന്യമായിട്ട് പ്രതിഷേധിച്ചിരുന്നു. രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവാദ ഒാർഡിനൻസിനതിരെ പ്രമുഖ ഹിന്ദിപത്രമായ രാജസ്ഥാൻ പത്രികയാണ് എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടുള്ള പ്രതിഷേധത്തിന് തിരികൊളുത്തിയത്. പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിെൻറ ഭാഗമായി ദേശീയ പത്രദിനത്തിലായിരുന്നു രാജസ്ഥാൻ പത്രികയുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.