തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി കെ.സി.ആർ; 'ടി.ആർ.എസ് എം.എൽ.എമാരെ വിലക്കുവാങ്ങാൻ ഇടനിലക്കാരനായി'

ഹൈദരാബാദ്: തെലങ്കാനയിൽ ടി.ആർ.എസ് എം.എൽ.എമാരെ വിലക്കുവാങ്ങാനുള്ള ശ്രമത്തിൽ ഇടനിലക്കാരനായവരിൽ തുഷാർ വെള്ളാപ്പള്ളിയുമെന്ന് ​മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ). ടി.ആർ.എസിന്റെ നാല് എം.എൽ.എമാരെ 100 കോടി വീതം വാഗ്ദാനംചെയ്ത് വാങ്ങാൻ ബി.ജെ.പി ശ്രമിച്ചെന്നാണ് പ്രഗതി ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചത്.

'ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ തകർക്കുകയാണ്. ജനാധിപത്യത്തെ അവരാണ് കൊലചെയ്യുന്നത്. ഇവിടെ ഏക്നാഥ് ഷി​ൻഡെമാരെ ഉണ്ടാക്കുന്നത് ആ പാർട്ടിയാണ്. 'നിങ്ങളുടെ എം.എൽ.എമാർ എന്നെ വിളിക്കുന്നുണ്ട്' എന്ന് ഏതെങ്കിലും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിട്ടുണ്ടോ? ഇതാണ് 'അദ്ദേഹം' ബംഗാളിൽ മമതയോട് പറഞ്ഞത്. എന്തിനാണ് നമ്മളിതൊക്കെ സഹിക്കുന്നത്. കോടതികൾ ഇക്കാര്യത്തിൽ ഇടപെട്ട് രാജ്യത്തെ രക്ഷിക്കണം. ബി.ജെ.പി ടി.ആർ.എസ് എം.എൽ.എമാരെ ചാക്കിടാൻ നടത്തിയതിന്റെ തെളിവ് കോടതിക്ക് കൈമാറും. ഏജൻസികൾക്കും മാധ്യമങ്ങൾക്കും നൽകും. രാമചന്ദ്ര ഭാരതി എ​ന്നയാൾ എം.എൽ.എ രോഹിത് റെഡ്ഡിയോട് പറഞ്ഞത് തങ്ങൾ ഇതിനകം രാജ്യത്തെ എട്ടു സർക്കാറുകളെ താഴെയിറക്കിയെന്നാണ്. ഇനി തെലങ്കാനയിലും ആന്ധ്രയിലും രാജസ്ഥാനിലും ഡൽഹിയിലും അത് ആവർത്തിക്കുമെന്നും പറഞ്ഞു. പക്ഷേ, ഞങ്ങളിത് കൈയോടെ പിടികൂടി. ഇത് സംഘടിത കുറ്റകൃത്യമാണ്. പിടിയിലായ ഓരോരുത്തർക്കും മൂന്ന് ആധാർ കാർഡുവരെയുണ്ട്. വാർത്തസമ്മേളനത്തിൽ അട്ടിമറിനീക്കത്തിന്റെ തെളിവായി കെ.സി.ആർ രഹസ്യമായി ചിത്രീകരിച്ച വിഡിയോയും ഹാജരാക്കി.

രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിച്ചയാളാണ് തുഷാർ വെള്ളാപ്പള്ളി. കേന്ദ്രമന്ത്രിയാണ് അ​യാളുടെ സ്ഥാനാർഥിത്വം അന്ന് പ്രഖ്യാപിച്ചത്. എല്ലാ കാര്യങ്ങളും നീക്കിയത് ബി.എൽ. സന്തോഷ്, തുഷാർ എന്നിവരും മറ്റൊരാളും ചേർന്നാണ്. അവർ വഴിയാണ് അമിത് ഷായിലേക്കും ജെ.പി. നഡ്ഡയിലേക്കും കണ്ണി നീളുന്നത് -കെ.സി.ആർ പറഞ്ഞു.

എം.എൽ.എമാരെ ചാക്കിടാൻ ശ്രമിച്ച രാമ​ചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദ കുമാർ, സിംഹയാജി സ്വാമ്യത് എന്നിവർ 14 ദിവസത്തെ റിമാൻഡിലാണ്. ബി.ജെ.പിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേർന്ന് തനിക്ക് പാർട്ടി മാറി ബി.ജെ.പിയിലെത്താൻ 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് ടി.ആർ.എസ് എം.എൽ.എ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നൽകിയത്.

Tags:    
News Summary - Tushar became middleman to buy TRS MLAs KCR accuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.