പ്രജ്വൽ രേവണ്ണ

പ്രജ്വലിനെതിരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല, വ്യാജ പരാതിക്ക് സമ്മർദം - വനിതാ കമീഷൻ

ബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായവരിൽനിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു ദേശീയ വനിതാ കമീഷൻ. വ്യാജ പരാതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഒരു സ്ത്രീ പരാതി നൽകിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു. പ്രജ്വലിനെതിരെ 700 സ്ത്രീകൾ പരാതി നൽകിയിട്ടും വനിതാ കമീഷൻ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണു വിശദീകരണം. എം.പിക്കെതിരെ രണ്ട് ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിനെതിരെ പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേർ സമീപിച്ചതായാണ് പരാതിക്കാരി വനിതാ കമീഷനെ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ഇവർ പരിചയപ്പെടുത്തിയത്. കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പരുകളിൽനിന്ന് നിരന്തരമായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. 700 പേർ പരാതി നൽകിയെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും വനിതാ കമീഷൻ എക്സിൽ പോസ്റ്റു ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വൽ രേവണ്ണ ഇതുവരെ തിരികെയെത്തിയിട്ടില്ല. തെരഞ്ഞെടുപ്പു ഫലം വന്നശേഷം മാത്രമേ പ്രജ്വൽ തിരികെയെത്തൂ എന്നാണ് സൂചന. കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. രേവണ്ണയുടെ സഹോദരൻ എച്ച്.ഡി.കുമാരസ്വാമി, കേസന്വേഷണം പക്ഷപാതപരമാണെന്നും ജെ.ഡി.എസ് നേതാക്കളെ ഒതുക്കാൻ കോൺഗ്രസ് സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ആരോപിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തു നൽകി.

ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻഡിഎ സ്ഥാനാർഥിയായ പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത്. വിഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ മണ്ഡലത്തിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ദൃശ്യങ്ങൾ പ്രജ്വൽ തന്നെ പകർത്തിയതാണെന്നും പ്രചാരണമുണ്ടായി. ഏപ്രിൽ 26നു വോട്ടെടുപ്പ് നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിടുകയും ചെയ്തു.

Tags:    
News Summary - Twist in Prajwal Revanna case: ‘Woman forced to complain against accused,’ says NCW

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.