കോവിഡ് വാക്‌സിന് എതിരായ ട്വീറ്റുകള്‍; പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കെതിരായി ട്വീറ്റ് ചെയ്ത മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. വാക്‌സിന്‍ വിരുദ്ധ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലും ഭൂഷണ് നേരെ വിമര്‍ശനം കടുത്തു. തുടര്‍ന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.

മതിയായ പരീക്ഷണങ്ങളോ പഠനങ്ങളോ നടക്കാതെയാണ് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ആദ്യം മുതല്‍ക്കേ വിമര്‍ശനമുയര്‍ത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ച സ്ത്രീ മരിച്ചതായ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വാക്‌സിന്‍ എടുത്തത് കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ വാക്‌സിന്റെ പ്രതികൂല ഫലങ്ങള്‍ നിരീക്ഷിക്കുകയോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭൂഷണ്‍ വിമര്‍ശിച്ചു.

ആരോഗ്യമുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും രൂക്ഷമാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍, വാക്‌സിന്‍ കാരണം ഇവര്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്‌സിന്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി, കോവിഡ് മുക്തി നേടുന്നവര്‍ക്ക് പ്രകൃത്യാ ലഭിക്കുന്നുണ്ട്. ആര്‍ജിത പ്രതിരോധ ശേഷിയെ വാക്‌സിന്‍ ചിലപ്പോള്‍ ഇല്ലാതാക്കുമെന്നും ഒരു ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഈ ട്വീറ്റിനാണ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ലേബല്‍ ട്വിറ്റര്‍ നല്‍കിയത്. മറ്റൊരു ട്വീറ്റിനും മുന്നറിയിപ്പ് ലേബല്‍ നല്‍കിയിട്ടുണ്ട്.

പ്രശാന്ത് ഭൂഷന്റെ വാക്‌സിന്‍ വിരുദ്ധ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. താന്‍ ഒരു വാക്‌സിന്‍ വിരുദ്ധനല്ലെന്നും മതിയായ പരീക്ഷണങ്ങളോ പഠനങ്ങളോ നടത്താതെ സാര്‍വത്രിക വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഭൂഷണ്‍ പറയുന്നു. പ്രത്യേകിച്ചും യുവാക്കള്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും.

താന്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

തന്റെ വാക്‌സിന്‍ നിലപാട് വിശദീകരണത്തെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ലേബല്‍ ചെയ്ത ട്വിറ്റര്‍ 12 മണിക്കൂര്‍ അക്കൗണ്ട് മരവിപ്പിച്ചതായി ഭൂഷണ്‍ പറഞ്ഞു. വന്‍കിട ഫാര്‍മ കമ്പനികളുടെയും ഐ.ടി ഭീമന്മാരുടെയും താല്‍പര്യമാണ് ഇവിടെ ഒന്നുചേരുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്ന് അദ്ദഹം ആരോപിക്കുന്നു.

Tags:    
News Summary - Twitter Flags Prashant Bhushan's Anti-Vaccine Tweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.