ജമ്മു-കശ്​മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്​ ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെ​ടെ കേന്ദ്ര സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ട്വിറ്റർ പുതിയ ഭൂപട വിവാദത്തിൽ. ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ചാണ്​ ട്വിറ്റർ പുതിയ വിവാദം സൃഷ്​ടിച്ചിരിക്കുന്നത്​. ട്വിറ്ററിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്​തമാക്കി.

'ട്വീപ്പ് ലൈഫ്' വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ട്വിറ്റർ ഉപയോക്താക്കൾ തന്നെയാണ്​ ഈ ​പിഴവ്​ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്​. തുടർന്ന്​ രൂക്ഷ വിമർശനമാണ്​ ഉപയോക്താക്കളിൽ നിന്ന്​ ഉയർന്നത്​. പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ്​ സൂചന. വൻ തുക പെനാൽറ്റി ഈടാക്കുകയോ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ ഏഴ്​ വർഷം തടവുശിക്ഷയോ ഐ.ടി നിയമത്തിന്‍റെ 69 സെക്ഷൻ എ പ്രകാരം നിരോധിക്കൽ വരെയോ ലഭിക്കാവുന്ന കുറ്റകൃത്യമായാണ്​ ഇത്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​.

നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം ജമ്മു- കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്​.

ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയം ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്. നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുകയാണ്​. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫിസറായി അമേരിക്കക്കാരനായ ജെറെമി കെസ്സലിനെ നിയമിച്ചതും ഇന്ത്യന്‍ ഐ.ടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ ചട്ടം പ്രകാരം പരാതി പരിഹാര ഓഫിസര്‍ ഇന്ത്യയില്‍നിന്നുള്ള ആളാകണമെന്നാണ്​.

Tags:    
News Summary - Twitter shows Jammu-Kashmir and Ladakh outside India on its site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.