ന്യൂഡൽഹി: ട്വിറ്റർ തന്റെ ഇന്ത്യയിലെ അക്കൗണ്ട് തടഞ്ഞുവെച്ചതായി അറിയിച്ച് മാധ്യമപ്രവർത്തക റാണ അയ്യൂബ്. റാണ അയ്യൂബ് തന്നെയാണ് ഇതു സംബന്ധിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. ട്വിറ്ററിൽ നിന്നുള്ള അറിയിപ്പ് പോസ്റ്റിയതിനുശേഷം എന്താണിതെന്ന് വ്യക്തമാക്കിതരാൻ റാണ അയ്യൂബ് ആവശ്യപ്പെടുകയായിരുന്നു.
'ഇന്ത്യയിലെ പ്രാദേശിക നിയമങ്ങൾക്കു കീഴിലെ ട്വിറ്ററിന്റെ നിയമങ്ങൾ പാലിക്കുന്നതിനായി രാജ്യത്തെ ഇൻഫർമേഷൻ ആക്ട്-2000 പ്രകാരം പ്രകാരം ഇനി പറയുന്ന അക്കൗണ്ട് ഞങ്ങൾ നിർത്തിവെച്ചിരിക്കുന്നു. ഉള്ളടക്കം മറ്റെവിടെയെങ്കിലും ലഭ്യമാണ്'-എന്നായിരുന്നു ട്വിറ്ററിൽ നിന്ന് റാണക്കു ലഭിച്ച നോട്ടീസ്. നോട്ടീസ് പങ്കുവെച്ച റാണ 'ഹലോ ട്വിറ്റർ യഥാർഥത്തിൽ എന്താണിത്'- എന്ന് ചോദിച്ചു.
റാണയുടെ ട്വീറ്റിനു ട്വിറ്റർ മറുപടി നൽകി. ''ഞങ്ങളുടെ സേവനം ഉപയോഗിക്കുന്ന ആളുകളുടെ ശബ്ദത്തെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും ട്വിറ്റർ വിശ്വസിക്കുന്നതിനാൽ, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് (അത്തരം നിയമപാലകരോ സർക്കാർ ഏജൻസിയോ) നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നിയമപരമായ അഭ്യർഥന ലഭിച്ചാൽ അക്കൗണ്ട് ഉടമകളെ അറിയിക്കുക എന്നത് ഞങ്ങളുടെ നയമാണ്''. എന്നായിരുന്നു ട്വിറ്റർ മറുപടി നൽകിയത്. ട്വിറ്ററിന്റെ നടപടിക്കെതിരെ ടെന്നീസ് താരം മാർട്ടിന നവരത് ലീന രംഗത്തെത്തി.
''അതിനാൽ അടുത്തത് ആരാണ്? തീർത്തും നിരാശാജനകം''... എന്നാണ് മാർട്ടിന കുറിച്ചത്. റാണ അയ്യൂബിന്റെ ട്വീറ്റ് അവർ ടാഗ് ചെയ്യുകയും ചെയ്തു. 'ഒന്നുകിൽ വൈറസ് ബാധിച്ചതായിരിക്കാം അല്ലെങ്കിൽ മുമ്പ് റാണ നടത്തിയ ട്വീറ്റുകൾക്ക് മറുപടി നൽകാൻ വൈകിയതായിരിക്കാം' -എന്നായിരുന്നു പ്രസാർ ഭാരതി മുൻ സി.ഇ.ഒ ശശി ശേഖർ വെമ്പതിയുടെ പ്രതികരണം. കർഷക സമരങ്ങളുടെ കാലത്ത് ക്രമസമാധാന നിലക്ക് തകരാറാണെന്നു കാണിച്ച് തനിക്ക് ഇതേരീതിയിൽ മുമ്പ് ലഭിച്ച ഇ-മെയിലും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.