ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ തങ്ങളെ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഹരജിയുമായി കുറ്റവാളികൾ. 11 പേരിൽ രാധേശ്യാം ഭഗവാൻദാസ്, രാജുഭായ് ബാബുലാൽ എന്നീ കുറ്റവാളികളാണ് ജനുവരി എട്ടിലെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം തെറ്റാണെന്നാണ് ഹരജിയിൽ കുറ്റവാളികൾ അവകാശപ്പെടുന്നത്.
ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കിയതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോയിരുന്നു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയാണ് ശിക്ഷ തീരുംമുമ്പ് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ വിട്ടയച്ചത്. ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും പ്രത്യേകം സമർപ്പിച്ച ഹരജികളിലാണ് കോടതി ശിക്ഷായിളവ് റദ്ദാക്കിയത്.
കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്തു.15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികൾക്കും ശിക്ഷായിളവ് നൽകാനുള്ള തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.