തുറന്ന് രണ്ടുദിവസത്തിനകം ഗോഡ്സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു

ഗ്വാളിയാർ: രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടി. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടമാണ് അടപ്പിച്ചത്. ഗോഡ്സെ ഗ്യാൻശാല എന്ന് പേരിട്ട ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു.

മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലായിരുന്നു ലൈബ്രറി. ലൈബ്രറി തുടങ്ങിയതിന് ശേഷം നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്.പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഭയന്ന്  പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. 

ഗോഡ്സെ യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജെയ്‍വീര്‍ ഭരദ്വാജ് പറഞ്ഞു. ഗോഡ്സെയുടെ ജീവിതവും കാഴ്ചപ്പാടുകളും സംബന്ധിച്ച പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. വിഭജനം തടയുന്നതില്‍ ഗാന്ധിജി പരാജയമായിരുന്നുവെന്നാണ് ഹിന്ദുമഹാസഭയുടെ നിലപാട്. ഈ വിഷയത്തിൽ ഇവർ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.

സംഭവത്തില്‍ കേസ് എടുക്കാത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാരിനോട് വിയോജിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ്. ഇവിടെ രാഷ്ട്രപിതാവിനെ അപമാനിച്ചിട്ടും കേസെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര വിമര്‍ശിച്ചു.

2017ല്‍ ഹിന്ദു മഹാസഭ ഗോഡ്സെ പ്രതിമ സ്ഥാപിച്ചിരുന്നു. പ്രതിഷേധം ഉയർന്നതോടെ കേസ് എടുത്ത് പ്രതിമ നീക്കം ചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.