ലഖ്നോ: ഒരാളെ വിവാഹം ചെയ്യാനായി രണ്ടു വരൻമാർ അണിഞ്ഞൊരുങ്ങി പന്തലിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഉത്തർ പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ അങ്ങനെയൊരു സംഭവം ഉണ്ടായി. ഒടുവിൽ ഒരാൾക്ക് വരണമാല്യം അർപിച്ച യുവതി രണ്ടാമത്തെയാളെ വിവാഹം ചെയ്തു.
വധുവായ മോഹനിയും ഫുലൻപൂർ സ്വദേശിയായ ബാബ്ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്ലുവും ബന്ധുക്കളും വധുവിന്‍റെ വീട്ടിലെത്തി. വധുവിന്‍റെ ബന്ധുക്കൾ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്നഗർ ഗ്രാമത്തിലെ രാജാറാമിന്‍റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മോഹിനിയും അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും ബന്ധം എതിർത്ത മോഹിനിയുടെ ബന്ധുക്കൾ ബബ്ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാർത്തയറിഞ്ഞതോടെയാണ് അജിത്ത് ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലിൽ എത്തിയതെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്തു.
രണ്ടാമത്തെയാളെ വിവാഹം ചെയ്ത് വധു അവരുടെ കൂടെ പോയതോടെ ആദ്യത്തെയാളും കുടുംബവും പ്രശ്നമുണ്ടാക്കി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ടാമത്തെ വരന്‍റെ ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.