ചെന്നൈ: മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരത്തും കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കോടതി വളപ്പുകളിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി തമിഴ്നാട്ടിലെ മധുരയില്‍ അറസ്റ്റില്‍. മധുര നെല്‍പേട്ട് തയ്യൂര്‍ ചന്തയില്‍ കിലാമരത്ത് വീഥിയില്‍ ഷംസുദ്ദീന്‍ (25), കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ സ്വകാര്യ കമ്പനിയിലെ ലെയ്സണ്‍ ഓഫിസറായ മധുര കയ്പത്തൂര്‍ രണ്ടാം തെരുവില്‍ ഐലന്‍ഡ് നഗറില്‍ മുഹമ്മദ് അയ്യൂബ് അലി (25) എന്നിവരാണ് അറസ്റ്റിലായത്. കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് മധുര, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ പിടിയിലായത്. തമിഴ്നാട്, തെലുങ്കാന പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്‍െറ സഹായത്തോടെയാണ് എന്‍.ഐ.എ സംഘം പ്രതികളെ വലയിലാക്കിയത്.
സ്ഫോടനങ്ങള്‍ നടത്തിയെന്ന് സംശയിക്കുന്ന ബേസ് മൂവ്മെന്‍റ് സംഘ തലവനും ചെന്നൈയില്‍ ഐ.ടി കമ്പനി ജീവനക്കാരനുമായ മധുര കരിംസാ പള്ളിവാസലില്‍ ദാവൂദ് സുലൈമാന്‍ (23), മധുര ഇസ്മായില്‍ പുരം സ്വദേശിയും പെയ്ന്‍ററും നെല്‍പേട്ട് നഗറില്‍ ലൈബ്രറി നടത്തിപ്പുകാരനുമായ എന്‍. അബ്ബാസ് അലി (27), കെ. പുതൂരിനടുത്ത് വിശ്വനാഥ് നഗര്‍ സ്വദേശിയും കോഴിക്കട ഉടമയുമായ അബ്ദുല്‍ കരീം എന്നിവര്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മധുര സിറ്റി പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ചതിനെ തുടര്‍ന്നു നാലുപേര്‍ ഞായറാഴ്ച രാത്രി കസ്റ്റഡിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഷംസുദ്ദീന്‍ പിടിയിലാകുന്നത്. മധുരയില്‍ അറസ്റ്റിലായ ഷംസുദ്ദീന്‍, അയ്യൂബ് അലി, അബ്ബാസ് അലി, അബ്ദുല്‍ കരീം എന്നിവരെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചെന്നൈയില്‍ അറസ്റ്റിലായ ദാവൂദ് സുലൈമാനെ നഗരത്തിലെ സൈദാപേട്ട് കോടതിയില്‍ ഹാജരാക്കി. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വകുപ്പുകള്‍ ഉള്‍പ്പെട്ട യു.എ.പി.എയാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
അഞ്ച് പ്രതികള്‍ക്കും ട്രാന്‍സിറ്റ് വാറന്‍റ് നല്‍കിയ കോടതി ഡിസംബര്‍ ഒന്നിന് ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. മൈസൂര്‍ കോടതിവളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എ ബംഗളൂരു കോടതി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടെ ഹാജരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.