കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിൽ രണ്ടു വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. ജീവിതസ്വപ്നങ്ങൾ പൂവണിയിക്കാൻ രാജ്യത്തെ അതിപ്രശസ്ത മെഡിക്കൽ-എഞ്ചിനീയറിങ് കോച്ചിങ് സെന്ററുകളിലെത്തി ഒടുവിൽ സമ്മർദം സഹിക്കാനാവാതെ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന വിദ്യാർഥികളുടെ എണ്ണം ആശങ്കാകുലമായ രീതിയിൽ വർധിക്കുകയാണ്. ഈ വർഷം ഇതുവരെയായി 23 വിദ്യാർഥികളാണ് മാനസിക സമ്മർദത്താൽ കോട്ടയിലെ കോച്ചിങ് സെന്ററുകളിൽ ജീവനൊടുക്കിയത്.
കോച്ചിങ് സെന്ററുകളിലെ പ്രതിവാര പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള നിരാശയും ആശങ്കയും കാരണമാണ് മിക്ക കുട്ടികളും ആത്മഹത്യ ചെയ്യുന്നതെന്നാണ് ആരോപണം. ഇതേ തുടർന്ന് സൺഡേ ടെസ്റ്റുകൾ നടത്തരുതെന്ന് കോച്ചിങ് സെന്ററുകൾക്ക് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് പ്രതിവാര പരീക്ഷകൾ നിർബാധം നടക്കുകയാണ്.
ഞായറാഴ്ച നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന രണ്ട് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള വിദ്യാർഥി പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ബിഹാറിൽനിന്നുള്ള മറ്റൊരു വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആഗസ്റ്റിൽ ഇതുവരെ മാത്രം ഏഴു വിദ്യാർഥികളാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് ലാത്തൂരിൽനിന്നുള്ള ആവിഷ്‍കാർ സംഭാജി കാസ്ലെ (16) കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി കോട്ടയിലെ താൽവൻഡിയിലാണ് ആവിഷ്‍കാർ താമസിക്കുന്നത്. ഒന്നര വർഷമായി മുത്തശ്ശിയും അവനോടൊപ്പം കോട്ടയിൽ താമസിക്കുന്നുണ്ട്. റോഡ് നമ്പർ വണിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞായറാഴ്ചത്തെ പ്രതിവാര പരീക്ഷയിൽ പങ്കെടുത്തതിനുപിന്നാലെ ആറാം നിലയിലെ ബാൽക്കണിയിൽനിന്ന് ചാടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
കോച്ചിങ് സെന്ററിൽ നടക്കുന്ന ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിനാൽ ആവിഷ്‍കാർ കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്ന കുട്ടി കോച്ചിങ് സെന്ററിലെ പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാതിരുന്നതോടെ ഏറെ നിരാശനായിരുന്നു.
ബിഹാറിൽനിന്നുള്ള ആദർശ് എന്ന വിദ്യാർഥിയെ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിന് വിളിക്കാനെത്തിയപ്പോഴാണ് തൂങ്ങിമരിച്ചതു കണ്ടത്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സൺഡേ ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിലുള്ള നിരാശയാണ് ആദർശിന്റെ മരണത്തിനു പിന്നിലുമെന്നാണ് കരുതുന്നത്.
കോച്ചിങ് സെന്ററുകൾക്ക് പേരുകേട്ട കോട്ടയിൽ രാജ്യത്തെ മുൻനിര എഞ്ചിനീയറിങ്, മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കാൻ എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്മർദവും പരാജയഭീതിയും കാരണം കോട്ടയിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ വർഷം 15 വിദ്യാർഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.